
പ്രതീകാത്മക ചിത്രം | Photo: AFP
യാങ്കൂണ്‍: മ്യാന്മറില് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 30 ലേറെ പേരെ കൊന്ന് മൃതശരീരങ്ങള്‍ കത്തിച്ചു. രാജ്യത്തെ സംഘര്‍ഷഭരിത സംസ്ഥാനമായ കയയിലാണ് ദാരുണമായ സംഭവം. സൈന്യമാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പ്രദേശിക മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.
കയയിലെ മോസോ ഗ്രാമത്തിന് സമീപമായാണ് സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പ്രാദേശിക മനുഷ്യാവകാശ സംഘടന പറഞ്ഞു. മൃതശരീരങ്ങള്‍ വികൃതമാക്കിയ ശേഷം കത്തിച്ച നിലയിലായിരുന്നു.
ആയുധങ്ങളുമായെത്തിയ ഒരു വലിയ സംഘം തീവ്രവാദികളെ വെടിവെച്ചുകൊന്നതായി മ്യാന്മാര് സൈന്യം പ്രതികരിച്ചു. ഇവര്‍ പ്രദേശിക തീവ്രവാദ സംഘത്തില്‍പ്പെട്ടവരാണെന്നും സൈന്യം പറഞ്ഞതായി മ്യാന്മര് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ടവര്‍ സാധാരാണക്കാരായ പൗരന്മാരാണെന്നും തങ്ങളുടെ പ്രസ്ഥാനവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും സൈന്യത്തിനെതിരെ പോരാടുന്ന സായുധ സംഘടനയായ കാറന്നി നാഷണല്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കി.
അതേസമയം, രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും സൈന്യവും റിബല്‍ ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടങ്ങള്‍ തുടരുകയാണ്. ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് മ്യാന്മറിന്റെ അധികാരം സൈന്യം പിടിച്ചെടുത്തത്. കഴിഞ്ഞ നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു അട്ടിമറി. എന്നാല്‍ ആരോപണം മ്യാന്മറിലെ തിരഞ്ഞെടുപ്പ് കമ്മിഷന് നിഷേധിച്ചിരുന്നു. പിന്നാലെയുണ്ടായ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെ ആയിരക്കണക്കിന് പേര് കൊല്ലപ്പെട്ടു. പതിനായിരത്തോളം പേര് അറസ്റ്റിലായി.
Content Highlights: Over 30, Including Children, Killed, Bodies Burnt In Myanmar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..