താലിബാൻ ഭരണത്തിലേറിയതിന് പിന്നാലെ അഫ്ഗാനിസ്താനിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും തകർന്ന രാജ്യം ഇപ്പോൾ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭരണത്തിലേറിയെങ്കിലും ആവശ്യമായ ധനസ്രോതസ്സുകളും നീക്കിയിരിപ്പുകളും രാജ്യത്തില്ല എന്നത് താലിബാൻ സർക്കാരിനെ വലയ്ക്കുന്നുണ്ട്. 

ഇതിന്റെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്താനിലെ മുൻ ഉദ്യോഗസ്ഥരുടെ വീടുകൾ കേന്ദ്രീകരിച്ച് താലിബാൻ റെയ്ഡ്‌ നടത്തി. പരിശോധനയിൽ 12 മില്യണിലധികം ഡോളര്‍ വരുന്ന നോട്ടുകളും സ്വർണ്ണവും പിടിച്ചെടുത്തതായി അഫ്ഗാനിസ്താൻ സെൻട്രൽ ബാങ്ക് വ്യക്തമാക്കുന്നു. അഫ്ഗാൻ താലിബാന്റെ പിടിയിലായതിന് പിന്നാലെ രാജ്യത്ത് സാമ്പത്തിക ഞെരുക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

ഭൂരിഭാഗം സർക്കാർ ഉദ്യോഗസ്ഥരും നിലവിൽ തിരികെ ജോലിയിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ കുറേ മാസങ്ങളായിട്ട് ഇവർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. മാത്രമല്ല ബാങ്കിൽ നിക്ഷേപമായി പണം ഇട്ടിരുന്നവർക്ക് അത് പിൻവലിക്കാനും സാധിക്കുന്നില്ല എന്ന അവസ്ഥയാണ്. നിലവിൽ 200 ഡോളർ മാത്രമാണ് ആഴ്ചയിൽ പിൻവലിക്കാനുള്ള തുകയുടെ പരിധി. ഇത് പിൻവലിക്കാൻ വേണ്ടി എടിഎം കേന്ദ്രങ്ങളിൽ തിക്കും തിരക്കുമാണ്. അഫ്ഗാനിസ്താനിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഇത്തരത്തിൽ ഉപജീവനത്തിനായി പാടുപെടുന്നത്.

Taliban
Photo: https://twitter.com/AFGCentralbank

വിദേശ കറന്‍സി വിനിമയ സ്ഥാപനങ്ങളായ വെസ്റ്റേൺ യൂണിയൻ, മണിഗ്രാം തുടങ്ങിയവയിലും പ്രതിസന്ധി രൂക്ഷമാണ്. വെസ്റ്റേൺ യൂണിയൻ, മണിഗ്രാം തുടങ്ങിയവയുടെ അഫ്ഗാനിലെ ബ്രാഞ്ചുകളിൽ പണം നിക്ഷേപിച്ചവർ പിൻവലിക്കാൻ ചെന്നപ്പോൾ നിരാശരായി. പല ബ്രാഞ്ചുകളിലും പണം ഉണ്ടായിരുന്നില്ല.

എല്ലാ ഇടപാടുകളും അഫ്ഗാൻ കറൻസിയിൽ മതി

അഫ്ഗാനിസ്താനിലെ എല്ലാ സർക്കാർ - സർക്കാരിതര സ്ഥാപനങ്ങൾ അവരുടെ കരാറുകളും സാമ്പത്തിക ഇടപാടുകളും അഫ്ഗാനിലെ കറൻസിയായ അഫ്ഗാനി ഉപയോഗിച്ച് തന്നെ നടത്തണമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. 

ഇതിന് പിന്നാലെയാണ് താലിബാൻ 12.3 മില്യൺ ഡോളർ പണവും സ്വർണ്ണവും നൽകിയതായി ബാങ്ക് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയത്. ഇത് മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്നാണ് കണ്ടെടുത്തതാണെന്നും ബാങ്ക് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇതിൽ ഭൂരിഭാഗം പണവും പിടിച്ചെടുത്തത് മുൻ അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലെയുടെ വീട്ടിൽ നിന്നാണെന്നു കുറിപ്പിൽ പറയുന്നു. 

അഫ്ഗാനിലെ ഉന്ന സ്ഥാനത്തിനിരിക്കുന്ന ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്നും സുരക്ഷാ ഏജൻസികളുടെ വീടുകളിൽ നിന്നുമാണ് ഇത്തരത്തിൽ സ്വർണ്ണം പിടികൂടിയിരിക്കുന്നത്. ഇത് എന്തിന് വേണ്ടിയായിരുന്നു അവരുടെ വീടുകളിൽ സൂക്ഷിച്ചിരുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ബാങ്ക് പറഞ്ഞു. 

Taliban
ബാങ്കിന് മുമ്പിലെ നീണ്ട നിര | Photo: AP

പല ബാങ്കുകളും പൂട്ടിക്കിടക്കുന്നു

ബാങ്കുകളിൽ പലതും പല പ്രവിശ്യകളിലെ ബ്രാഞ്ചുകളും അടച്ചു പൂട്ടിയിരിക്കുകയാണ്. കാബൂളിൽ ആയിരക്കണക്കിന് ആളുകളാണ് അവരുടെ പണം പിൻവലിക്കാൻ വേണ്ടി ബാങ്കുകൾക്ക് മുമ്പിൽ കാത്തു നിൽക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി ഞാൻ ബാങ്കുകളിൽ പോവുകയാണ്. രാവിലെ 10 മണിക്ക് എത്തിയാണ് ഇവിടെ കാത്തിരിക്കുന്നത്. ഇതിനകം തന്നെ നിരയിൽ രണ്ടായിരത്തേലേറെ ആളുകളുണ്ട്. മുൻ അഫ്ഗാൻ സേനയിലുണ്ടായിരുന്ന അബ്ദുൾ റഹിം എന്ന സൈനികൻ പറയുന്നു. കിലോമീറ്ററോളം നടന്നാണ് തന്റെ പണം പിൻവലിക്കാൻ വേണ്ടി ഇവിടെ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം താലിബാൻ ആക്രമണങ്ങൾക്ക് പിന്നാലെ ദാരിദ്ര്യത്തിലേക്കും കടുത്ത ഭക്ഷ്യ ക്ഷാമത്തിലേക്കും നീങ്ങുന്ന അഫ്ഗാനിസ്താന് 1.2 മില്യൺ ഡോളർ ജെനീവ കോൺഫറൻസിൽ പ്രഖ്യാപിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മാറ്റിയ സത്യപ്രതിജ്ഞാ ചടങ്ങ്

അഫ്ഗാൻ പിടിച്ചെടുത്തതിന് ശേഷം ദിവസങ്ങൾ കഴിഞ്ഞിട്ടും താലിബാന് ആഭ്യന്തര കലഹങ്ങളെത്തുടർന്ന് സർക്കാർ രൂപീകരണം നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ പാകിസ്താൻ ഇടപെട്ട് മുല്ല ഹസൻ അഖുന്ദിന്റെ നേതൃത്വത്തിൽ അഫ്ഗാനിൽ ഇടക്കാല സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങ് ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

taliban
പ്രതീകാത്മക ചിത്രം | ഫോട്ടോ:എ.എഫ്.പി

വേൾഡ് ട്രേഡ് സെന്റർ തകർത്ത ദിവസത്തിൽ താലിബാൻ സർക്കാർ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും എന്നുള്ള വാർത്തകളും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ തീരുമാനത്തിൽ നിന്ന് താലിബാൻ പിന്മാറിയിരുന്നു. സഖ്യ കക്ഷികളുടെ എതിർപ്പിനെ തുടർന്നാണ് ഇത്തരത്തിൽ പിന്മാറിയത് എന്ന വാർത്തകളുണ്ടായികുന്നു.

എന്നാൽ  സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ വേണ്ടെന്ന് വെച്ചതായാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്ത് വന്ന റിപ്പോർട്ടുകൾ.

Content Highlights: Over $12 Million Seized From Ex-Officials As Cash Crunch Hits Afghanistan