ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ താരങ്ങളെയും കോച്ചിനെയും പുറത്തെത്തിക്കാന്‍ പുതിയ മാര്‍ഗം പരീക്ഷിക്കാനൊരുങ്ങി രക്ഷാപ്രവർത്തകർ. മലയുടെ മുകളിൽ നിന്നും ഗുഹയ്ക്കുള്ളിലേക്ക് പുകക്കുഴൽ മാതൃകയിലുള്ള നൂറിലധികം ചെറുതുരങ്കങ്ങൾഉണ്ടാക്കി കുട്ടികളെ പുറത്തെത്തിക്കാനുള്ള സാധ്യതയാണ് പരീക്ഷിക്കുന്നത്. 

ഗുഹയില്‍ വെള്ളം പൊങ്ങുകയും വായുവിന്റെ അളവ് അപകടകരമാം വിധം കുറയുകയും ചെയ്യുന്നതിനാലാണ് അപൂര്‍വമായ രക്ഷാപ്രവര്‍ത്തനത്തിന് ഒരുങ്ങുന്നത്. നിർമിച്ച പല തുരങ്കങ്ങളും 400 മീറ്ററോളം താഴ്ചയുള്ളതാണ്. എന്നിട്ടും കുട്ടികള്‍ കുടുങ്ങി കിടക്കുന്ന പ്രദേശം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 600 മീറ്ററിലും താഴെയാണ് കുട്ടികള്‍ ഉള്ളതെന്നാണ് സൂചന. കുട്ടികളെ രക്ഷിച്ചെടുക്കാന്‍തക്ക വ്യാസത്തില്‍ തുരങ്കമുണ്ടാക്കല്‍ ഏറെ ദുര്‍ഘടം പിടിച്ചതാണെന്നാണ് കണക്ക് കൂട്ടൽ. കുട്ടികള്‍ ഇപ്പോള്‍ ഉള്ളത് താരതമ്യേന വിസ്താരം കുറഞ്ഞ സ്ഥലത്താണ്. 

ഗുഹയ്ക്കുള്ളില്‍ ഓക്‌സിജന്‍ സാന്നിധ്യം കുറയുന്നതിനെ തുടര്‍ന്ന് ഇവിടേയ്ക്ക് ശുദ്ധവായു പമ്പ് ചെയ്യുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിനുള്ള മറ്റ് സാധ്യതകളും ശ്രമിക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.'ബഡ്ഡി ഡൈവ്' (ഓരോ കുട്ടിക്കുമൊപ്പം ഒരു മുങ്ങല്‍ വിദഗ്ധനും നീന്തുക) രീതി പരീക്ഷിക്കാനും അധികൃതര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. 

കുട്ടികളെ മഴക്കാലം കഴിഞ്ഞുമാത്രം ഗുഹയ്ക്കുള്ളില്‍നിന്ന് പുറത്തുകൊണ്ടുവരാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. അതിന് നാലുമാസംവരെ കാത്തിരിക്കേണ്ടിവരും. എന്നാല്‍ ഗുഹയ്ക്കുള്ളിലെ ഓക്സിജന്‍ അളവ് കുറയുന്നതിനാല്‍ പെട്ടെന്നുതന്നെ പുതിയ വഴി കണ്ടെത്തേണ്ടി വന്നിരിക്കുകയാണ്. അതു കൊണ്ടാണ് മറ്റ് മാർഗങ്ങൾ പരീക്ഷിക്കൊരുങ്ങുന്നത്. 

ജൂണ്‍ 23-നാണ് 11-നും 16-നും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും അവരുടെ ഫുട്ബോള്‍ കോച്ചും തുവാം ഗുവാങ് ഗുഹയ്ക്കുള്ളില്‍പ്പെട്ടത്. 10 ദിവസത്തിനുശേഷം ബ്രിട്ടീഷ് മുങ്ങല്‍രക്ഷാവിദഗ്ധരാണ് ഗുഹയ്ക്ക് നാലുകിലോമീറ്റര്‍ ഉള്ളില്‍ സംഘത്തെ സുരക്ഷിതമായി കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികളെ രക്ഷിക്കാനുള്ള ഊര്‍ജിതശ്രമങ്ങളാണ് നടന്നുവരുന്നത്.കുട്ടികള്‍ക്ക് ഭക്ഷണവും ഓക്സിജനും മരുന്നും എത്തിച്ചു. ഗുഹയിലെ വെള്ളം പമ്പുചെയ്ത് കളയാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.