പാരീസ്: അമേരിക്കന്‍ സൈന്യം വധിച്ച ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്തേക്കുമെന്ന് സൂചന. 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ അല്‍ഖ്വയ്ദ പുറത്തുവിട്ട ഫോട്ടോ ആല്‍ബത്തില്‍ ഹംസയുടെ ചിത്രങ്ങളാണ് നല്‍കിയിട്ടുള്ളത്. 28 കാരനായ ഹംസ പിതാവിന്റെ വഴിതന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. 20 വയസുമുതല്‍ അല്‍ഖ്വയ്ദയുടെ നേതൃത്വത്തിലേക്കെത്താന്‍ ഹംസ ശ്രമം തുടങ്ങിയിരുന്നുവെന്നാണ് അമേരിക്കന്‍ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്.

അല്‍ ഖ്വയ്ദയുടെ നിയന്ത്രണത്തിലേക്ക് ആഗോള ഭീകര സംഘടനകളെ കോര്‍ത്തിണക്കാനാണ് ഹംസ ശ്രമിക്കുന്നതെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി ക്ഷയിച്ചതോടെ അല്‍ഖ്വയ്ദയെ വീണ്ടും ഭീകരപ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവയ്ക്കൊന്നും സ്ഥിരീകരണം നല്‍കാനുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നില്ല. ഹംസ അല്‍ ഖ്വയ്ദയുടെ ഭാഗമാകുമെന്നുതന്നെയാണ് ഭീകര സംഘടന പുറത്തുവിട്ട ചിത്രം വ്യക്തമാക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഒസാമ ബിന്‍ ലാദന്റെ കാലത്തുതന്നെ ഹംസയെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. ലാദന്റെ 20 മക്കളില്‍ പതിനഞ്ചാമനാണ് ഹംസ. ലാദന്റെ മൂന്നാമത്തെ ഭാര്യയിലാണ് ഹംസ ജനിച്ചത്. ചെറുപ്പം മുതല്‍ തന്നെ ലാദന്റെ വഴിയെ നടക്കാനായിരുന്നു ഹംസയുടെ തീരുമാനമെന്ന് അമേരിക്ക തിരിച്ചറിഞ്ഞിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് മുമ്പുതന്നെ ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനം ഹംസ നേടിയിരുന്നു എന്നാണ് വിവരങ്ങള്‍. 2001 ലെ ഭീകരാക്രമണത്തിന് ശേഷം ഹംസയെ ബിന്‍ലാദന്‍ തന്റെ സമീപത്തുനിന്ന് മാറ്റി നിര്‍ത്തി. അമേരിക്കന്‍ കണ്ണുകളില്‍ പെടാതിരിക്കാനായിരുന്നു ഈ നീക്കം. 

ഫോട്ടോ കടപ്പാട് - Reuters