ഒസാമ ബിൻ ലാദൻ | Photo : AFP
വാഷിങ്ടണ്‍: 2001 സെപ്തംബര്‍ 11-ന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഉള്‍പ്പെടെ നാലിടങ്ങളിലായി നടത്തിയ ഭീകരാക്രമണത്തിന് ശേഷം യുഎസിന് നേരെ രണ്ടാമതൊരാക്രമണത്തിന് അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. 2011-ല്‍ ലാദന്റെ വധത്തിന് ശേഷം യുഎസ് നാവിക സംയുക്തസേനയായ സീല്‍സ് (United States Navy SEALs) പിടിച്ചെടുത്ത കത്തുകളുള്‍പ്പെടെയുള്ള ഔദ്യോഗിക രഹസ്യരേഖകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
9/11 എന്നറിയപ്പെടുന്ന ആദ്യ ആക്രമണത്തിന് ശേഷം യാത്രാവിമാനങ്ങള്‍ പരമാവധി ഒഴിവാക്കി സ്വകാര്യ ജെറ്റുകള്‍ ഉപയോഗിക്കാനും യുഎസിലെ റെയില്‍പാളങ്ങളില്‍ പന്ത്രണ്ട് മീറ്ററോളം മുറിച്ചുമാറ്റി തീവണ്ടികള്‍ പാളം തെറ്റിച്ച് നൂറ് കണക്കിനാളുകളുടെ ജീവന്‍ അപായപ്പെടുത്താനും ലാദന്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയതായി രേഖകള്‍ വ്യക്തമാക്കുന്നതായി സിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അല്‍ ഖ്വയ്ദയെ കുറിച്ച് പഠനം നടത്തിയ എഴുത്തുകാരിയും ഇസ്ലാമികപണ്ഡിതയുമായ ഡോക്ടര്‍ നെല്ലി ലഹോദാണ് ലാദന്റെ പതിനായിരത്തോളം വരുന്ന സ്വകാര്യഎഴുത്തുകളും കുറിപ്പുകളും സൂക്ഷ്മമായി പരിശോധിച്ചത്. ലാദനെ പിടികൂടി വധിക്കുന്നതിനായി പാകിസ്താനിലേക്ക് നിയോഗിക്കപ്പെട്ട സംയുക്തസേനാ സംഘമാണ് ഈ സ്വകാര്യരേഖകള്‍ പിടിച്ചെടുത്തത്. 9/ 11 ആക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനെതിരെ യുഎസ് യുദ്ധത്തിന് മുതിരുമെന്ന് അല്‍ ഖ്വയ്ദ പ്രതീക്ഷിച്ചിരുന്നില്ലെന്നും സിബിസിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഡോക്ടര്‍ നെല്ലി ലാഹോദ് വ്യക്തമാക്കി.
സെപ്റ്റംബര്‍ 11 ലെ ആക്രമണത്തിന് ശേഷം അഫ്ഗാനെതിരെയുള്ള യുദ്ധമുള്‍പ്പെടെയുള്ള യുഎസിന്റെ പ്രതികരണം ലാദനെ ആശ്ചര്യപ്പെടുത്തിയെന്നും ഡോക്ടര്‍ നെല്ലി ലാഹോദ് പറഞ്ഞു. ഭീകരാക്രമണത്തെ തുടര്‍ന്ന് യുഎസിലെ ജനങ്ങള്‍ തെരുവിലേക്കിറങ്ങുമെന്നും മുസ്ലിം ഭൂരിപക്ഷ രാജ്യത്തുനിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഭരണകൂടത്തെ നിര്‍ബന്ധിക്കുമെന്നുമായിരുന്നു ലാദന്റെ കണക്കുകൂട്ടലെന്നും രേഖകള്‍ വ്യക്തമാക്കുന്നതായി അവര്‍ പറഞ്ഞു.
2001-ലെ ആക്രമണത്തിന് ശേഷം ഒളിവുജീവിതം നയിച്ചിരുന്ന ലാദന്‍ മൂന്ന് വര്‍ഷത്തോളം അനുയായികളുമായി ആശയവിനിമയം നടത്തിയിരുന്നില്ലെന്നും 2004-ല്‍ യുഎസിനെതിരെ മറ്റൊരാക്രമണം നടത്താനുള്ള പദ്ധതിയുമായി അനുയായികളെ വീണ്ടും ബന്ധപ്പെട്ടതായും ലാദന്‍ സംഘാംഗങ്ങള്‍ക്കയച്ച സ്വകാര്യകത്ത് വ്യക്തമാക്കുന്നു. 9/ 11 ആക്രമണം ആവര്‍ത്തിക്കാന്‍ ലാദന്‍ അത്യധികം ആഗ്രഹിച്ചിരുന്നെങ്കിലും വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ സുരക്ഷാസംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയത് പ്രതികൂലമായി. വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്താന്‍ പ്രയാസമാണെന്ന തിരിച്ചറിവാണ് ആക്രമണലക്ഷ്യം റെയില്‍പാളങ്ങളിലേക്ക് തിരിച്ചുവിട്ടതെന്നും ഡോക്ടര്‍ നെല്ലി പറയുന്നു.
കൂടാതെ 2010-ല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രധാന സമുദ്രമാര്‍ഗങ്ങളും ക്രൂഡ് ഓയില്‍ ടാങ്കറുകളും കേന്ദ്രീകരിച്ച് മറ്റൊരു ഭീകരാക്രമണത്തിനും ലാദന്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. മത്സ്യത്തൊഴിലാളികളായി വേഷമിട്ട് അല്‍ അല്‍ ഖ്വയ്ദ പ്രവര്‍ത്തകര്‍ പ്രധാന തുറമുഖങ്ങളില്‍ നിലയുറപ്പിക്കണമെന്നും ലാദന്‍ നിര്‍ദേശം നല്‍കിയിരുന്നതായി ഡോക്ടര്‍ നെല്ലി പറയുന്നു.
റഡാറിന്റെ നിരീക്ഷണവലയത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതെങ്ങനെയെന്നും കപ്പലുകളില്‍ സ്‌ഫോടകവസ്തുക്കള്‍ ഏതുവിധത്തില്‍ കടത്തണമെന്നും ലാദന്‍ അനുയായികള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായി ഡോക്ടര്‍ നെല്ലി കൂട്ടിച്ചേര്‍ത്തു. യുഎസിന്റെ സാമ്പത്തികവ്യവസ്ഥ തകര്‍ക്കുകയായിരുന്നു ലാദന്റെ പ്രധാനലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
Content Highlights: Osama bin Laden had planned a second attack against the United States after 9/11 attacks


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..