ഒട്ടാവ: പലപ്പോഴും കൗതുകവും അദ്ഭുതവും സൃഷ്ടിക്കുന്നവയാണ് സമുദ്രജീവികളെ കുറിച്ചുള്ള ചിത്രങ്ങളും വീഡിയോകളും. എന്നാല്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഒറ്റയ്ക്കായി പോയ ഒരു തിമിംഗിലത്തെ കുറിച്ചും അതിന്റെ ദയനീയാവസ്ഥയെ കുറിച്ചുമുള്ള വീഡിയോയാണ്. കാനഡയിലെ ഒന്റാരിയോയിലെ മറൈന്‍ലാന്‍ഡ് പാര്‍ക്കില്‍ കഴിയുന്ന ഓര്‍ക്ക വിഭാഗത്തില്‍പ്പെട്ട തിമിംഗിലത്തിന്റേതാണ് വീഡിയോ. കിസ്‌ക എന്നാണ് ഇതിന്റെ പേര്. 

പാര്‍ക്കിലെ ടാങ്കിന്റെ ഭിത്തികളില്‍ തലകൊണ്ട് കിസ്‌ക ആഞ്ഞിടിക്കുന്നതാണ് വീഡിയോയിലുള്ളത്. ടാങ്കിലെ മറ്റെല്ലാ ഓര്‍ക്ക തിമിംഗിലങ്ങളും ചത്തതോടെ ഉണ്ടായ ഒറ്റപ്പെടലാണ് ഇതിനു കാരണമെന്നാണ് മൃഗസ്നേഹികള്‍ പറയുന്നത്. ചത്തുപോയവയില്‍ ഓര്‍ക്കയുടെ അഞ്ച് മക്കളും ഉള്‍പ്പെടുന്നു. 

ഫില്‍ ഡെമേഴ്‌സ് എന്നയാളാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. മൃഗങ്ങളെ കൂട്ടിലടയ്ക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഡെമേഴ്‌സ്. വീഡിയോ സെപ്റ്റംബര്‍ നാലിന് ചിത്രീകരിച്ചതാണെന്ന് അദ്ദേഹം പറയുന്നു. 

മൃഗങ്ങളെ കൂട്ടിലടയ്ക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ മറൈന്‍ലാന്‍ഡില്‍ പ്രവേശിക്കുകയും കിസ്‌കയെ നിരീക്ഷിക്കുകയും ചെയ്തു. 'മറൈന്‍ലാന്‍ഡിലെ അവശേഷിക്കുന്ന ഏക ഓര്‍ക്ക തിമിംഗിലമായ കിസ്‌ക, അവളുടെ തല ഭിത്തിയില്‍ ഇടിപ്പിക്കുകയാണ്. ഈ ക്രൂരത അവസാനിപ്പിക്കേണ്ടതുണ്ട്', ഡെമേഴ്‌സ് ട്വീറ്റില്‍ പറയുന്നു. ഫ്രീ കിസ്‌ക എന്ന ഹാഷ്ടാഗും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. 

കില്ലര്‍ വെയില്‍ (killer whale) അഥവാ ഓര്‍ക്ക എന്ന വിഭാഗത്തില്‍പ്പെട്ട ഈ തിമിംഗിലം ഓഷ്യാനിക് ഡോള്‍ഫിന്‍ ഫാമിലിയിലാണ് ഉള്‍പ്പെടുന്നത്. കറുപ്പും വെളുപ്പും ഇടകലര്‍ന്ന നിറമാണ് ഇവയുടെ ശരീരത്തിന്. 

ആരാണ് കിസ്‌ക?

മറൈന്‍ലാന്‍ഡ് പാര്‍ക്കില്‍ അവശേഷിക്കുന്ന ഏക തിമിംഗിലമായ കിസ്‌കയ്ക്ക് ലോകത്തിലെ ഏറ്റവും ഏകാകിയായ ഓര്‍ക്ക എന്ന വിശേഷണവുമുണ്ട്. 44 വയസ്സാണ് കിസ്‌കയുടെ പ്രായം. 1979-ല്‍ ഐസ്‌ലന്‍ഡ് തീരത്തുനിന്നാണ് കിസ്‌കയെ പിടികൂടുന്നത്. അന്നുമുതല്‍ ടാങ്കിലാണ് കിസ്‌കയുടെ വാസം.

ടാങ്കിലെ മറ്റെല്ലാ ഓര്‍ക്കകളും ചത്തതോടെയാണ് കിസ്‌ക തനിച്ചായി പോയത്. ചത്തുപോയവയില്‍ ഓര്‍ക്കയുടെ അഞ്ച് മക്കളും ഉള്‍പ്പെടുന്നുണ്ട്. 2011 മുതല്‍ മറൈന്‍ലാന്‍ഡിലെ ടാങ്കില്‍ കിസ്‌ക തനിച്ചാണ്. 

എന്തോ ദുഃഖം അനുഭവിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് കിസ്‌കയുടെ പെരുമാറ്റമെന്ന് മറ്റൊരു ട്വീറ്റില്‍ ഡെമേഴ്‌സ് പറയുന്നു. സ്വയംമുറിവേല്‍പിക്കുന്ന തരത്തിലാണ് കിസ്‌കയുടെ പെരുമാറ്റം, കിസ്‌ക ദുഃഖത്തിലാണ്- അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

content highlights: orca living in captivity banging head against tank