പുതിൻ, സെലൻസ്‌കി | Photo: AP
- ബെലാറസില്‍വെച്ച് ചര്‍ച്ച നടത്താനാവില്ല, വാഴ്‌സോയിലോ ഇസ്താംബുളിലോ ആകാം
- ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു
മോസ്‌കോ\കീവ്: യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ. യുക്രൈന്റേയും റഷ്യയുടേയും അയല്‍രാജ്യമായ ബെലാറസില്‍വെച്ച് ചര്‍ച്ച നടത്താമെന്നും വിഷയത്തില്‍ യുക്രൈന്റെ പ്രതികരണം അറിയാന്‍ കാത്തിരിക്കുകയാണെന്നും റഷ്യ വ്യക്തമാക്കി. പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ പ്രതിനിധികളും ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘത്തിനൊപ്പമുണ്ട്. അതേസമയം, ആക്രമണം നിര്‍ത്തുകയാണ് റഷ്യ ആദ്യം ചെയ്യേണ്ടതെന്നും ബെലാറസില്‍ നിന്ന് ആക്രമണം നടത്തുമ്പോള്‍ ചര്‍ച്ച സാധ്യമല്ലെന്നും യുക്രൈന്‍ പ്രസിഡന്റ് പ്രതികരിച്ചു.
റഷ്യ നടത്തുന്നത് നരഹത്യയാണെന്നും ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. റഷ്യ ആക്രമണം നടത്തുന്ന ബെലാറസില്‍ നിന്നാണ്. അവിടെ വെച്ച് ചര്‍ച്ച നടത്താന്‍ കഴിയില്ല. ഇതിന് പകരമായി വാഴ്‌സോ, ഇസ്താംബുള്‍ തുടങ്ങിയ അഞ്ച് നഗരങ്ങളില്‍ ഒന്നില്‍വെച്ചാകാമെന്നാണ് സെലന്‍സ്‌കി വ്യക്തമാക്കി. കഴിഞ്ഞ രാത്രിയില്‍ റഷ്യ നടത്തിയത് ശക്തമായ ആക്രമണമാണെന്നും സെലന്‍സ്‌കി പറഞ്ഞു.
യുക്രൈന്‍ ജനതയ്ക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ ജനവാസമേഖലയിലേക്ക് ആക്രമണം നടന്നിരുന്നു. സാധാരണ പൗരന്‍മാരും കൊല്ലപ്പെട്ടുവെന്ന് യുക്രൈന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. കീവിന് പുറമേ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലും റഷ്യന്‍ സേനയുടെ ആക്രമണം നടക്കുന്നുണ്ട്. പൂര്‍ണമായ കണക്കുകള്‍ പുറത്തുവരുമ്പോള്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.
യുദ്ധം നാലാം ദിവസത്തിലേക്ക് കടന്നതോടെ കിഴക്കന്‍ യുക്രൈനിലെ ഖാര്‍കിവില്‍ റഷ്യയുടെ ഷെല്ലാക്രമണവും രൂക്ഷമാണ്. മിസൈല്‍ പതിച്ച് വസില്‍കീവിലെ ഇന്ധന സംഭരണ ശാലയ്ക്കും തീപിടിച്ചു. അക്രമണത്തിന് പിന്നാലെ ഇന്ധന സംഭരണ ശാല വലിയ തീഗോളമായി മാറുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആണവമാലിന്യ സംസ്‌കരണ കേന്ദ്രത്തിലും വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
ജനവാസ കേന്ദ്രങ്ങളിലേക്കും റഷ്യയുടെ വ്യോമാക്രമണം തുടരുകയാണ്. ഇതിനിടെ ഇരുരാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ ശൃംഖല യുക്രൈന്‍ സൈന്യം വിച്ഛേദിച്ചു. കീവിലേക്ക് റഷ്യന്‍ സേന എത്തുന്നത് തടയാനാണ് യുക്രൈന്‍ റെയില്‍വേ ബന്ധം തകര്‍ത്തത്.
Content Highlights: open for discussions says russia stop war first says ukraine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..