ന്യൂഡല്‍ഹി: ഇന്ത്യയുമായി ഊഷ്മള ബന്ധം വേണമെന്ന കാര്യത്തില്‍ പാകിസ്താനിലെ സര്‍ക്കാരിനും സൈന്യത്തിനും ഒരേ നിലപാടാണെന്ന് ആരാജ്യത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക് സൈന്യം സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് താന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ ജനങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ പ്രധാനമന്ത്രി എന്നനിലയില്‍ സംസാരിക്കുകയാണ്. എന്റെ പാര്‍ട്ടിയും മറ്റും പാര്‍ട്ടികളും ഞങ്ങളുടെ സൈന്യവും ഒരുപോലെ ഇന്ത്യയുമായി ഊഷ്മള ബന്ധത്തിന് ആഗ്രഹിക്കുന്നു- ഇമ്രാന്‍ പറഞ്ഞു.

കര്‍ത്താപുര്‍ ഇടനാഴിയുടെ തറക്കലിടല്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനായക് ദേരയെ പാകിസ്താനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് ഇടനാഴി.

70 വര്‍ഷത്തോളമായി നമ്മള്‍ പരസ്പരം പോരാടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ പാകിസ്താന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നു, പാകിസ്താന്‍ തിരിച്ച് ഇന്ത്യയുടെ നേര്‍ക്കും. എത്രകാലം നമ്മള്‍ പരസ്പരം കുറ്റപ്പെടുത്തിയുള്ള ഈ കളി തുടരണം..? എല്ലായ്പ്പോഴും ഒരുപടി മുന്നോട്ടുവെക്കുകയും പിന്നീട് രണ്ടുപടി പിന്നോട്ട് എടുത്തുവെക്കുകയുമാണ്. ഇരു രാജ്യങ്ങള്‍ക്കിടയിലും കശ്മീര്‍ മാത്രമാണ് പ്രശ്നമായി തുടരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത് പരിഹരിക്കാന്‍ കെല്‍പ്പുള്ള നേതൃത്വം ഇരു രാജ്യത്തിനുമുണ്ടന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

'മനുഷ്യത്വം മുന്‍നിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. കശ്മീര്‍ തര്‍ക്കം പരിഹരിക്കുക എന്നത് നമ്മുടെ പൊതുപ്രശ്നമാണ്. ഇത് മനുഷ്യസാധ്യമാണെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. നമുക്ക് കുറച്ച് സ്വപ്നങ്ങളും ഇച്ഛാശക്തിയും മാത്രം മതി. സമാധാനം കാത്തു സൂക്ഷിക്കാന്‍ ഇരുവശത്തും എത്രത്തോളം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നത് പ്രധാനമാണ്. സമാധാനം ഉണ്ടാക്കുന്നതിന് ഭിന്നതകള്‍ മാറ്റിവെച്ച് പരസ്പരം അതിരുകള്‍ തുറക്കണം' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലും പഞ്ചാബ് മന്ത്രി നവോജ്യോത് സിങ് സിദ്ദുവും പങ്കെടുത്തു. പാക് സന്ദര്‍ശനത്തിന്റെ പേരില്‍ സിദ്ദുവിനെ വിമര്‍ശിക്കുന്നവരെയും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. സിദ്ദു തന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തപ്പോഴും അദ്ദേഹത്തെ പലരും കുറ്റപ്പെട്ടുത്തിയിരുന്നു. അത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സാഹോദര്യത്തേയും സമാധാനത്തേയും സംബന്ധിച്ചാണ് സിദ്ദു സംസാരിച്ചത്. പഞ്ചാബില്‍ നിന്ന് സിദ്ദു പാകിസ്താനില്‍ വന്ന് മത്സരിക്കുകയാണെങ്കില്‍ വിജയം ഉറപ്പാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വത സൗഹൃദത്തിന് സിദ്ദു പ്രധാനമന്ത്രിയാകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

Content Highlights: Kashmir,Imran Khan, Kartarpur