വാഷിങ്ടണ്‍: കോവിഡ് 19ന്റെ പുതിയ വകഭേദമായ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെങ്കിലും രോഗികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും വൈദ്യസഹായം തേടേണ്ട അവശ്യകതയിലേക്ക് എത്തിക്കില്ലെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ശരിയല്ലെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒമിക്രോണ്‍ നിസാരനല്ലെന്ന ലോകാരോഗ്യ സംഘടന മേധാവിയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് അമേരിക്കയിലെ ഏറ്റവും പുതിയ സ്ഥിതി. ഇന്നലെ മാത്രം ഒരുലക്ഷം പേരെയാണ് അമേരിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ ആറര ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഡിസംബര്‍ മുതല്‍ തന്നെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നു. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആരോഗ്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചു.

മുന്‍ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണ്. രോഗികളെ വലിയതോതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങള്‍ക്കിടയാക്കുകയും ചെയ്യുമെന്നും ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പുനല്‍കിയിരുന്നു.

ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് ഒമിക്രോണ്‍ വ്യാപിക്കുന്നുണ്ട്. ലോകത്ത് പലയിടത്തും ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന അവസ്ഥയുണ്ട്. വാക്സിന്‍ സ്വീകരിച്ചവരില്‍ ഡെല്‍റ്റയേക്കാള്‍ കുറച്ച് ആരോഗ്യപ്രശ്നം മാത്രമേ ഒമിക്രോണ്‍ സൃഷ്ടിക്കുന്നുള്ളൂവെന്നതുകൊണ്ട് ഒമിക്രോണിനെ നിസാരമായി കാണാന്‍ കഴിയില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.

മറ്റ് വകഭേദങ്ങളെപ്പോലെ ആളുകളില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നുണ്ടെന്നും മുന്നറിയിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.  ഒമിക്രോണ്‍ വകഭേദത്തോടെ കോവിഡ് അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights : Omicron Concern; One lakh people hospitalized in America