ലണ്ടന്‍: ഒരു ഡോസ് ഫൈസര്‍ വാക്സിനോ അസ്ട്രാസെനക്ക കോവിഡ് വാക്‌സിനോ എടുത്തത് കുടുംബാംഗങ്ങളിലേക്കുള്ള കോവിഡ് വ്യാപനം 50 ശതമാനം വരെ കുറച്ചതായി പഠനം.

ആദ്യ ഡോസെടുത്ത് മൂന്നാഴ്ച കഴിഞ്ഞ് രോഗം സ്ഥിരീകരിച്ച ഒരു വ്യക്തിയില്‍ നിന്ന് വാക്‌സിനെടുക്കാത്ത കുടുംബാംഗങ്ങള്‍ക്ക് രോഗം പടരാനുള്ള സാധ്യത 38 മുതല്‍ 49 ശതമാനം വരെ കുറവാണെന്ന് പബ്ലക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പി.എച്ച്.ഇ) നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി.

ഈ പഠനം ഏറ്റവും മാരകമായ വൈറസ് പകർച്ച വാക്‌സിനുകള്‍ കുറയ്ക്കുന്നതായി കാണിക്കുന്ന സമഗ്രമായ ഡാറ്റയാണെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.

24000 വീടുകളിലെ 57000 ആളുകളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. വാക്‌സിനേഷന്‍ എടുക്കുന്നതിലൂടെ ഒരു വ്യക്തിക്ക് രോഗാണുബാധ ഉണ്ടാകാനുള്ള സാധ്യത 65 ശതമാനം വരെ കുറയ്ക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.


"വാക്‌സിനുകള്‍ രോഗത്തിന്റെ കാഠിന്യം കുറയ്ക്കുകയും ഓരോ ദിവസവും നൂറുകണക്കിന് മരണങ്ങള്‍ തടയുകയും ചെയ്യുക മാത്രമല്ല ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് രോഗം കൈമാറാനുള്ള സാധ്യത കുറയ്ക്കുന്നതിലും അവ സ്വാധീനം ചെലുത്തുന്നുവെന്ന് തങ്ങളുടെ പഠനം തെളിയിക്കുന്നു", പി.എച്ച്.ഇ ഇമ്മ്യൂണൈസേഷന്‍ മേധാവി മേരി റാംസെ പറഞ്ഞു.

ബ്രിട്ടണില്‍ നടക്കുന്ന വാക്‌സിനേഷനിലൂടെ 60 വയസിന് മുകളിലുള്ള 10400 മരണങ്ങള്‍ തടഞ്ഞതായി പി.എച്.ഇയുടെ മുന്‍ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു.