ജനീവ: കോവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം അപകടകാരിയല്ലെന്ന വാദങ്ങള്‍ തള്ളി ലോകാരോഗ്യ സംഘടന. മുന്‍ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണ്. രോഗികളെ വലിയതോതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങള്‍ക്കിടയാക്കുകയും ചെയ്യുമെന്നും ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പുനല്‍കി.

ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് ഒമിക്രോണ്‍ വ്യാപിക്കുന്നുണ്ട്. ലോകത്ത് പലയിടത്തും ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന അവസ്ഥയുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഡെല്‍റ്റയേക്കാള്‍ കുറച്ച് ആരോഗ്യപ്രശ്‌നം മാത്രമേ ഒമിക്രോണ്‍ സൃഷ്ടിക്കുന്നുള്ളൂവെന്നതുകൊണ്ട് ഒമിക്രോണിനെ നിസാരമായി കാണാന്‍ കഴിയില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മറ്റ് വകഭേദങ്ങളെപ്പോലെ ആളുകളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നുണ്ടെന്നും മുന്നറിയിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. വാക്‌സിനുകള്‍ എല്ലായിടത്തും എത്തിച്ചേരാത്തത് പുതിയ വകഭേദങ്ങളുണ്ടാകുന്നതിന് കാരണമായി മാറിയിട്ടുണ്ട്. സമ്പന്ന രാജ്യങ്ങള്‍ ഇനിയെങ്കിലും മറ്റ് രാജ്യങ്ങളുമായി വാക്‌സിന്‍ പങ്കുവയ്ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയില്‍ ആകെ 194 രാജ്യങ്ങളുള്ളതില്‍ 92 രാജ്യങ്ങള്‍ക്കും 2021 അവസാനത്തോടെ ലക്ഷ്യമിട്ടിരുന്ന വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമിക്രോണ്‍ വകഭേദത്തോടെ കോവിഡ് അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പില്‍ പറയുന്നു.

Content Highlights: omicrone unlikely to be the last varriant warns who