ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവുന്നതിനിടെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ആകെ ആളുകളുടെ പത്ത് ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ദക്ഷിണാഫ്രിക്കയില്‍ അതിവേഗമാണ് ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നത്. കോവിഡിന്റെ കഴിഞ്ഞ മൂന്ന് തരംഗത്തേക്കാളും അതിവ്യാപനശേഷിയാണ് ഈ വകഭേദത്തിനുള്ളത് എന്നാണ് ആരോഗ്യവിദഗ്ധരും വിലയിരുത്തുന്നത്. 

10-14 വയസ് പ്രായമുള്ള കുട്ടികളിലെ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കിനൊപ്പം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ആശുപത്രി പ്രവേശനം വര്‍ധിക്കുന്നതായാണ് ശാസ്ത്രജ്ഞരും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ രണ്ടാമതാണ് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍. 6 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് ആദ്യ വിഭാഗം എന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിള്‍ ഡിസീസില്‍ നിന്നുള്ള ഗവേഷക വസീല ജസത് പറഞ്ഞു.   

12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹത ഇല്ലാത്തതാണ് കുട്ടികളിലെ കോവിഡ് നിരക്കില്‍ വര്‍ധനവുണ്ടാവുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കോവിഡിന്റെ ഡെല്‍റ്റ അല്ലെങ്കില്‍ ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദത്തിന്റെ പുനര്‍ബാധ(reinfection) ഉണ്ടാവാന്‍ മൂന്നിരട്ടി സാധ്യത ഉണ്ടെന്നാണ് ദക്ഷിണാഫ്രിക്കന്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. 

രാജ്യത്ത് വ്യാഴാഴ്ച മാത്രം 11,535 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഏറെയും ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രഭവകേന്ദ്രമായ ഗൗഡെങ്ങിലാണ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുന്‍പ് സ്ഥിരീകരിച്ച കോവിഡ് കേസുകളേക്കാള്‍ അഞ്ചിരട്ടി കൂടുതല്‍ കേസുകളാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Content Highlights: Omicron : Spike In Children Being Hospitalised In South Africa