പ്രതീകാത്മക ചിത്രം | Photo: PTI
ജെനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ, കോവിഡ് വാക്സിന്റെ ഫലം കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പടരും. എന്നാൽ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗലക്ഷണങ്ങൾ കുറവാണെന്നും WHO വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത്. നവംബര്‍ എട്ടിനാണ് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. നിലവിൽ 63 രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന.
കോവിഡ് ഡെൽറ്റ വകഭേദം ഏറ്റവും കുറവുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയിലും ഏറ്റവും പ്രതിസന്ധിസൃഷ്ടിച്ച ബ്രിട്ടനിലും ഒമിക്രോൺ വളരെ വേഗത്തിൽ പടർന്നു പിടിക്കുകയാണ്. നിലവിൽ ലഭിച്ചിരിക്കുന്ന വിവരങ്ങൾ പ്രകാരം, ഡെൽറ്റ വകഭേദത്തേക്കാൾ വേഗത്തിൽ ഒമിക്രോൺ പടർന്നു പിടിക്കുകയാണ്. സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടെന്നും WHO വ്യക്തമാക്കി.
ഒമിക്രോൺ വകഭേദത്തിന് രോഗലക്ഷണങ്ങൾ കുറവെന്നാണ് വൈറസ് ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡോക്ടർമാരും പറയുന്നത്. വ്യാപനശേഷി കൂടുതലാണെങ്കിലും ഒമിക്രോൺ ബാധിച്ചവരിൽ ആർക്കും ഗുരുതര ലക്ഷണങ്ങളില്ലെന്ന് ഡോക്ടർ ഉൻബേൻ പില്ലായ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചകളിൽ കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ 30 ശതമാനത്തിനുമാത്രമേ ഗുരുതരമായ രോഗലക്ഷണങ്ങളുള്ളൂ. കോവിഡിന്റെ ആദ്യതരംഗത്തിലെ നിരക്കിന്റെ പകുതിയിൽ താഴെ മാത്രമാണിതെന്നും ദക്ഷിണാഫ്രിക്കയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസസ് വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം ഒമിക്രോൺ വകഭേദം കാരണമുണ്ടാകുന്ന രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുന്നതിനുള്ള കാലാവധി കുറയ്ക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചു. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് ആറുമാസങ്ങൾക്കുശേഷം ബൂസ്റ്റർ ഡോസുകൾ നൽകുമെന്നാണ് സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ ഇത് അഞ്ചുമാസമായി കുറയ്ക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
Content Highlights: Omicron Reduces Vaccine Efficacy, Spreads Faster - Says WHO
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..