ജൊഹന്നാസ്‌ബെര്‍ഗ്: കൊറോണ വൈറസ് വകഭേദം ഒമിക്രോണിന്റെ ആശങ്കയിലാണ് ലോകം. ഇന്ത്യയില്‍, വ്യാഴാഴ്ച ഇതാദ്യമായി രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ രണ്ടു പുരുഷന്മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

അതേസമയം, ഒമിക്രോണ്‍ ലോകത്ത് ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍, രോഗം അതിവേഗം വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ എട്ടിനാണ് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. 

Read More... എന്താണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍?; കോവിഡ് വന്ന് പോയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണോ?

ലോകരാജ്യങ്ങള്‍ ഒമിക്രോണ്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുകയാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നെത്തിയ യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ വിമാനക്കമ്പനികളോട് അമേരിക്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയത് 24 രാജ്യങ്ങളില്‍ ഒമിക്രോണ്‍ എത്തിപ്പെട്ടിട്ടുണ്ടാവുമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരം. 

omicron
പ്രതീകാത്മകചിത്രം| Photo: AFP 

മുന്‍പുണ്ടായ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് കൂടുതല്‍ വ്യാപനശേഷിയുണ്ടെന്നാണ് പ്രാഥമിക സൂചനകള്‍. ഒമിക്രോണ്‍ വകഭേദത്തിന്റെ വരവ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റുകളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍നിന്ന് പൂര്‍ണമായും മോചിതമാകാത്ത പശ്ചാത്തലത്തില്‍ ഒമിക്രോണിന്റെ വരവ് പുതിയ നിയന്ത്രണങ്ങള്‍ക്ക് വഴിവെച്ചേക്കുമോ എന്ന ഭയത്തെ തുടര്‍ന്നാണിത്. 

രോഗപ്രതിരോധശേഷിയെ കുറച്ചൊക്കെ അതിജീവിക്കാന്‍ ഒമിക്രോണിന് സാധിക്കും. എങ്കിലും നിലവിലുള്ള വാക്‌സിനുകള്‍ക്ക് രോഗം ഗുരുതരമാകുന്നതിനെയും മരണത്തെയും ഒഴിവാക്കാന്‍ സാധിക്കുമെന്ന് ദക്ഷിണാഫ്രിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസ് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ദക്ഷിണാഫ്രിക്കയില്‍ ബുധനാഴ്ച പുതുതായി സ്ഥിരീകരിച്ചത് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തതിന്റെ ഇരട്ടി കേസുകളാണ്. 

ഒമിക്രോണിന്റെ വ്യാപനശേഷിയെ എത്രത്തോളമാണ് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന് ലോകാരോഗ്യ സംഘടനാ എപിഡെമിയോളജിസ്റ്റ് മരിയ വാന്‍ കെര്‍ഖോവെ അറിയിച്ചു. 

content highlights: omicron: cases in south africa doubles in a day, strain reached atleast 24 countries- who