ലീമ (പെറു): 2024-ലെ ഒളിമ്പിക്‌സ് പാരീസിലും 2028-ലെ ലോസ് ആഞ്ജലിസിലും നടത്താന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചു.

ചരിത്രത്തിലാദ്യമായിട്ടാണ് രണ്ട് ഒളിമ്പിക്‌സുകളുടെ വേദി ഐ.ഒ.സി ഒറ്റയടിക്ക് പ്രഖ്യാപിക്കുന്നത്. ഫ്രഞ്ച് തലസ്ഥാനമായ പാരീസും (1900,1924) അമേരിക്കന്‍ നഗരമായ ലോസ് ആഞ്ജിലിസും (1932,1984) മൂന്നാം തവണയാണ് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത്.

പാരീസിനെയും ലോസ് ആഞ്ജലിസിനെയും സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ നേട്ടമാണെന്ന് അന്താരാഷ്ട് ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.

രണ്ട് ഒളിമ്പിക്‌സ് വേദി ഒരുമിച്ച് പ്രഖ്യാപിച്ചത് തന്നെ സംബന്ധിച്ചിടത്തോളം സുവര്‍ണനേട്ടമാണെന്നും ബാച്ച് ചൂണ്ടിക്കാട്ടി. പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോ, ലോസ് ആഞ്ജിലിസ് മേയര്‍ എറിക് ഗാരറ്റ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.