പ്രായമായവരില്‍ കോവിഡ് 19നെതിരേ ആന്റിബോഡികള്‍ കുറവാണെന്ന് ഒറിഗണ്‍ ഹെല്‍ത്ത് ആന്റ് സയന്‍സ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍  കണ്ടെത്തി. പ്രതിരോധ കുത്തിവയ്പ് എടുത്തവരിലും സ്ഥിതി വ്യത്യസ്തമല്ല. അതിനാല്‍ പ്രായമുള്ളവരില്‍ കോവിഡിന്റെ വിവിധ വകഭേദങ്ങള്‍ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ളതായി ഇവര്‍ പറയുന്നു.

'പ്രതിരോധ കുത്തിവെപ്പ് എടുത്തവരാണെങ്കിലും പ്രായമുള്ളവരില്‍ കോവിഡ് വകഭേദങ്ങള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്താനുള്ള സാധ്യതകള്‍ കൂടുതലാണ്'' ഒ.എച്ച്.എസ്.യുവിന്റെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഫികാഡു ടഫെസ്സ് പറഞ്ഞു. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഫൈസര്‍ വാക്സിന്റെ രണ്ടാമത്തെ ഡോസെടുത്ത് രണ്ടാഴ്ച കഴിഞ്ഞ 50 പേരിലാണ് പഠനം നടന്നത്. ഇവരെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച ശേഷമാണ് പഠനം നടത്തിയത്.

പ്രായമായവരെ അപേക്ഷിച്ച് പ്രായം കുറഞ്ഞവരുടെ ഗ്രൂപ്പിന് ഏഴുമടങ്ങ് ആന്റിബോഡി പ്രതികരണമുണ്ടെന്നാണ് പഠന റിപ്പാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ പഠനത്തിലൂടെ പ്രായം കുറഞ്ഞവര്‍ക്ക് കൂടുതല്‍ രോഗപ്രതിരോധ ശേഷിയിണ്ടെന്ന് സംഘം വിലയിരുത്തി. എന്നിരുന്നാലും, കോവിഡ് 19 വാക്സിനുകള്‍ എല്ലാ പ്രായത്തിലുള്ള ആള്‍ക്കാര്‍ക്കും രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ പര്യാപ്തമാണെന്ന് ടഫെസ്സും സംഘവും പറഞ്ഞു.

കോവിഡിനെതിരേ എല്ലാവരും വാക്സിനേഷന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെ ഉയര്‍ത്തിക്കാട്ടുന്നതാണ് ഈ ഗവേഷണമെന്ന്  ടഫെസ് അഭിപ്രായപ്പെട്ടു. 'പ്രായമായ ആളുകള്‍ വാക്സിന്‍ എടുത്തതുകൊണ്ട് മാത്രം പൂര്‍ണ്ണമായും സുരക്ഷിതരല്ല. അവര്‍ക്ക് ചുറ്റുമുള്ള ആളുകളും വാക്സിന്‍ എടുക്കേണ്ടതായുണ്ട്,' അദ്ദേഹം പറഞ്ഞു. 

Content Highlights: Older people have fewer antibodies against Covid-19