ന്യൂഡൽഹി: ലോകത്തെ ക്രൂഡോയിൽ വിപണി കടന്നു പോകുന്നത് സമാനതകളില്ലാത്തെ പ്രതിസന്ധിയിലൂടെയെന്ന് റിപ്പോർട്ടുകൾ. സമീപകാലത്തെങ്ങും ഉണ്ടാകാത്ത തരത്തിലുള്ള ഇടിവാണ് എണ്ണ ഉപഭോഗത്തിൽ ഉണ്ടായിരിക്കുന്നത്. ദിനംപ്രതിയുള്ള ക്രൂഡോയിലിന്റെ ആവശ്യകതയിൽ 1.5 കോടി ബാരൽ മുതൽ 2.2 കോടി ബാരലിന്റെ കുറവ് ഉണ്ടായേക്കാമെന്നും ക്രൂഡ് ഓയിൽ വിപണി വലിയൊരു മാറ്റത്തിന്റെ പാതയിലാണെന്നുമാണ് പ്രമുഖ നിരീക്ഷകരുടെ അഭിപ്രായം

ലോകമെമ്പാടുമുള്ള റിഫൈനറികൾ ഉത്‌പാദനം നിർത്തിവെക്കാനും ഇത് കാരണമാകും. എണ്ണ സംഭരണ കേന്ദ്രങ്ങളിൽ ഇവ കെട്ടിക്കിടക്കും. 2020 പകുതിയോടെ തന്നെ ലോകത്തെ എണ്ണ സംഭരണ കേന്ദ്രങ്ങൾ മുഴുവൻ നിറയുന്ന അവസ്ഥയുണ്ടാകും.

വലിയ തോതിലുള്ള ആവശ്യകത ഉയർന്നു വരാതെ ഇത്രയും എണ്ണ വിറ്റഴിക്കപ്പെടുക അസാധ്യമാണ്. സൗദി അറേബ്യ, റഷ്യ എന്നീ ക്രൂഡോയിൽ ഉത്‌പാദകർ വിപണി വിഹിതം പിടിക്കുന്നതിന് വേണ്ടി വൻതോതിലാണ് ക്രൂഡോയിൽ ഉത്‌പാദിപ്പിക്കുന്നത്. ഇതേതുടർന്ന് ഏപ്രിൽ മാസത്തിൽ ദിനം പ്രതി രണ്ടുകോടിയോളം ബാരൽ ക്രൂഡ് ഓയിൽ സംഭരണ കേന്ദ്രങ്ങളില്‍ എത്തും.

ഇതിന് പുറമെ വിമാന ഇന്ധനത്തിനുള്ള ആവശ്യകതയും വലിയ തോതിൽ കുറയുമെന്നാണ് നിരീക്ഷകർ പറയുന്നത്. സമീപകാലത്തെങ്ങും ഉണ്ടാകാത്ത വിധം ക്രൂഡ് ഓയിൽ വില അടുത്തുതന്നെ ബാരലിന് 10 ഡോളർ എന്ന നിലയിലേക്ക് താഴുന്ന സാഹചര്യമുണ്ടാകുമെന്ന് എനർജി ആസ്പെക്റ്റ്സ് ലിമിറ്റഡ് എന്ന വിപണി നിരീക്ഷണ ഏജൻസി പറയുന്നു.

വിലയിടിയുന്നത് പല ഒപെക് രാജ്യങ്ങളിലും പ്രതിസന്ധിയുണ്ടാക്കും. കാലഘട്ടം ആവശ്യപ്പെടുന്ന അടിസ്ഥാനപരമായ മാറ്റത്തിലേക്ക് ഈ പ്രതിസന്ധി കാലത്ത് ഊർജ വിപണി മാറുമെന്ന് അമേരിക്കൻ നിക്ഷേപക കമ്പനിയായ ഗോൾഡ്മെൻ സാച്സ് പറയുന്നു. എണ്ണയുടെ ആവശ്യകത വീണ്ടും ഉണ്ടാവുമെങ്കിലും വിപണിയുടെ വീണ്ടെടുക്കലിന് കാർബൺ വിമുക്ത ഊർജത്തിനായുള്ള പരിശ്രമങ്ങൾ തടസ്സമാകുമെന്നും ഗോൾഡ്മെൻ സാച്സ് പറയുന്നു.

ലോകത്തെ മിക്ക എണ്ണ വിപണി നിരീക്ഷകരും പറയുന്നത് സമാനമായ കാര്യങ്ങളാണ്. അമേരിക്ക, ഇന്ത്യ തുടങ്ങി എണ്ണ ഉപഭോഗത്തിൽ മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങളിലെ കൊറോണ നിയന്ത്രണത്തിനായുള്ള ലോക്ക് ഡൗണുകളാണ് എണ്ണവിപണിയെ സാരമായി ബാധിക്കുന്നതെന്നാണ് മറ്റൊരു നിരീക്ഷണം. ഏതായാലും ക്രൂഡോയിൽ വിപണിയിൽ വലിയ മാറ്റങ്ങൾ സമീപ ഭാവിയിൽ തന്നെ ഉണ്ടായേക്കുമെന്നാണ് നിഗമനങ്ങൾ.

Content Highlights:Oil's Unparalleled Demand Crash Likely To Be Game-changer For Industry