ജനീവ: കോവിഡ് 19 എന്ന അതിസങ്കീർണമായ പ്രശ്നം പരിഹരിക്കാൻ സാധിക്കുന്ന അത്ഭുതവിദ്യകളൊന്നും നിലവിലില്ലെന്നും ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗബ്രിയേസിസ്. ലോകം മുഴുവൻ കോവിഡ് 19 പ്രതിരോധ വാക്സിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാഹചര്യത്തിലാണ് കോവിഡിൽ നിന്ന് രക്ഷനേടാനുളള അത്ഭുതവിദ്യകളൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത്.

'നിരവധി വാക്സിനുകൾ ഇപ്പോൾ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ്. ആളുകളെ വൈറസ് ബാധയിൽ നിന്ന് രക്ഷിക്കാൻ സഹായിക്കുന്ന ഫലപ്രദമായ വാക്സിനുകൾ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് നാം. എന്നിരുന്നാലും, കോവിഡിനെ 19 പ്രതിരോധിക്കാൻ നിലവിൽ അത്ഭുതപരിഹാരങ്ങളൊന്നുമില്ല, ഇനി ഉണ്ടാകണമെന്നുമില്ല.' ടെഡ്രോസ് പറഞ്ഞു.

മൂന്നു മാസങ്ങൾക്ക് മുമ്പ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 അടിയന്തര സമിതി കൂടുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാൾ അഞ്ചു മടങ്ങ് വർധിച്ച്‌ 1.75 കോടിയായി. കോവിഡ് 19 മരണങ്ങൾ മൂന്നിരട്ടിയായി 68,000-ത്തിലെത്തിയെന്നും ടെഡ്രോസ് പറഞ്ഞു.

ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം 1,81,02,671 പേർക്കാണ് ലോകത്ത് കോവിഡ് 19 ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 6,89,625പേർ മരിച്ചു.

Content Highlights:Number of cases globally has increased more than 5 fold to 17.5 million WHO