യുണൈറ്റഡ് നേഷന്‍സ്: അമേരിക്ക വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ ആണവായുധങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് ഉത്തരകൊറിയ. ആണവ യുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമാണ് കൊറിയന്‍ ഉപദ്വീപില്‍ നിലനില്‍ക്കുന്നതെന്ന് യു.എന്നിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ കിം ഇന്‍ റ്യോങ് പറഞ്ഞു. 

യു.എന്നിലെ നിരായുധീകരണ സമിതിക്കു മുമ്പാകെയാണ് ഉത്തരകൊറിയ നിലപാട് വ്യക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം ഉത്തരകൊറിയയുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചു വരികയാണ്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും യുദ്ധ സജ്ജമാണെന്ന് അറിയിച്ചുകൊണ്ട് നിലപാട് കടുപ്പിച്ചു വരികയാണ്. 

അമേരിക്ക വിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറാത്ത പക്ഷം ഒരു കാരണവശാലും തങ്ങളുടെ ആണവായുധങ്ങളോ ബാലിസ്റ്റിക് റോക്കറ്റുകളോ ചര്‍ച്ചാ വിഷയമാകില്ലെന്ന് ഉത്തര കൊറിയ തുറന്നടിച്ചു. 

എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധം വേണ്ടെന്ന നിലപാട് എടുത്തതായി യു.എസ് പ്രതിരോധ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍  നയതന്ത്ര ചര്‍ച്ചകള്‍ക്കു വേണ്ടി  സമയം പാഴാക്കുകയായിരുന്നു ടില്ലേഴ്‌സണ്‍ എന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.