പ്രതീകാത്മക ചിത്രം | Photo: Steven Saphore | AFP
ലണ്ടന്‍: ബ്രിട്ടനില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. ഡെല്‍റ്റ കേസുകളില്‍ 46 ശതമാനം വര്‍ധനവുണ്ടായെന്ന് യുകെ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 35,204 ഡെല്‍റ്റ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതര്‍ 1,11,157 ആയി.
ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 95 ശതമാനവും ഡെല്‍റ്റ വകഭേദം മൂലമാണെന്ന് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വകുപ്പ് (പിഎച്ച്ഇ) അറിയിച്ചു. കഴിഞ്ഞയാഴ്ച, യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത 99 ശതമാനം കോവിഡ് കേസുകളും ഇത്തരത്തിലുള്ളതായിരുന്നു. ഇതില്‍ തന്നെ 42 ശതമാനം കേസുകളും ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുള്ളതായിരുന്നു.
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ലാംബ്ഡ (Lambda സി.37)യെ അണ്ടര്‍ ഇന്‍വെസ്റ്റിഗേഷന്‍ (വിയുഐ) പട്ടികയില്‍ ചേര്‍ത്തതായും പിഎച്ച്ഇ അറിയിച്ചു. ഫെബ്രുവരി 23 മുതല്‍ ജൂണ്‍ ഏഴ് വരെ രാജ്യത്താകെ ആറു ലാംബ്ഡ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിദേശ യാത്രകളുമായി ബന്ധപ്പെട്ടാണ് ഈ കേസുകളെല്ലാം.
പെറുവില്‍ ആദ്യമായി റിപ്പോര്‍ട്ടു ചെയ്ത ലാംബ്ഡ ഇതിനകം 26 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ചിലി, പെറു, ഇക്വഡോര്‍, അര്‍ജന്റീന തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരാണ് ഈ വകഭേദം കണ്ടെത്തിയത്. സ്പൈക്ക് പ്രോട്ടീനില്‍ ലാംബ്ഡ വകഭേദം ഒന്നിലധികം മ്യൂട്ടേഷനുകള്‍ കാണിക്കുന്നുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ലാംബ്ഡയുടെ രോഗവ്യാപന ശേഷിയെപ്പറ്റി ശാസ്ത്രസമൂഹം പഠിക്കുന്നതേയുള്ളൂ.
കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന ഗ്രീക്ക് അക്ഷരങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ ആദ്യ നാല് അക്ഷരങ്ങളായ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നിവയാണ് വൈറസുകള്‍ക്ക് നല്‍കിയത്. ദക്ഷിണ അമേരിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിന് ലാംബ്ഡ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ഉയര്‍ന്ന താപനില, കടുത്ത ചുമ, മണവും രുചിയും നഷ്ടപ്പെടുക തുടങ്ങിയവയാണ് ലക്ഷണങ്ങളെന്നും രോഗം ബാധിച്ച മിക്ക ആളുകള്‍ക്കും ഇതിലൊരു ലക്ഷണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്‍.എസ്.എച്ച് അറിയിച്ചു.
ലാംബ്ഡ വകഭേദം കൂടുതല്‍ കഠിനമായ രോഗത്തിന് കാരണമാകുമെന്നോ വാക്‌സിനുകള്‍ ഫലപ്രദമല്ലാതാകുമെന്നോ നിലവില്‍ തെളിവുകളില്ല. ആശുപത്രിയില്‍ പ്രവേശനം തടയുന്നതിനും കടുത്ത രോഗത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് രണ്ട് ഡോസ് വാക്‌സിന്‍ ഫലപ്രദമാണെന്നും പിഎച്ച്ഇ വിലയിരുത്തി.
Content Highlights: Now Lambda COVID-19 variant discovered, check its symptoms and other details
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..