വാഷിങ്ടണ്‍: നോവവാക്‌സ് കോവിഡ് വാക്‌സിന്‍ വിവിധ വകഭേദങ്ങള്‍ ഉള്‍പ്പടെയുള്ളതില്‍ നിന്ന് 90 ശതമാനം കാര്യക്ഷമത കാണിക്കുന്നതായി പഠനം. യുഎസില്‍ വലിയ രീതിയില്‍ നടന്ന പഠനത്തിലൂടെയാണ് കണ്ടെത്തലെന്ന് നോവവാക്‌സ് അറിയിച്ചു. മിതമായും കഠിനവുമായ രോഗങ്ങളില്‍ നിന്ന് 100 ശതമാനം വരെ സംരക്ഷണം പ്രകടമാക്കി. മൊത്തത്തില്‍ 90.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ഫലപ്രാപ്തി, സുരക്ഷ, രോഗപ്രതിരോധ ശേഷി എന്നിവ വിലയിരുത്തുന്ന പഠനത്തില്‍ യുഎസിലേയും മെക്‌സിക്കോയിലേയും 119 പ്രദേശങ്ങളലുള്ള 29,960 പേര്‍ പങ്കാളികളായെന്നും നോവവാക്‌സ് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം മൂന്നാം പാദത്തോടെ റെഗുലേറ്ററി അംഗീകാരത്തിനായി അപേക്ഷിക്കാനൊരുങ്ങുകയാണെന്നും യുഎസ് ആസ്ഥാനമായ കമ്പനി അറിയിച്ചു. മൂന്നാംപാദം അവസാനത്തോടെ പ്രതിമാസം 100 ദശലക്ഷം ഡോസും വര്‍ഷാവസാനത്തോടെ 150 ദശലക്ഷം ഡോസും പ്രതിമാസം ഉത്പാദിപ്പിക്കുമെന്നും അവര്‍ വ്യക്തക്കി.

മറ്റു ചില കമ്പനികളുടെ വാക്‌സിനുകളെ പോലെ വളരെ കുറഞ്ഞ താപനിലയില്‍ നോവാവാക്‌സ് സൂക്ഷിക്കേണ്ടതില്ല എന്നതാണ് പ്രത്യേകത. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാകും നോവാവാക്‌സ് നിര്‍മിക്കുക. ഇത് ഇന്ത്യയിലെ വാക്‌സിന്‍ ക്ഷമാത്തിന് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.