ബ്രീസിലിയ: താന്‍ കോവിഡ് വാക്‌സിന്‍ എടുക്കില്ലെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ. 'ഞാന്‍ നിങ്ങളോട് പറയുന്നു, ഞാന്‍ അത് എടുക്കാന്‍ പോകുന്നില്ല. അത് എന്റെ അവകാശമാണ്,' ബ്രസീല്‍ പ്രസിഡന്റ് പറഞ്ഞു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് ബൊല്‍സൊനാരോ നടത്തിയ വിവാദ പ്രസ്താവനകളുടെ നീണ്ട പട്ടികയില്‍ ഏറ്റവും പുതിയതാണിത്. കോവിഡിനെ ഒരു ചെറിയ പനിയുമായി താരതമ്യപ്പെടുത്തിയ ബൊല്‍സൊനാരോ ബ്രസീലുകാരുടെ രോഗപ്രതിരോധ ശേഷി വളരെ ശക്തമാണെന്നും അവരെ ഒന്നിനും പിടികൂടാനാവില്ലെന്നും വാദിച്ചിരുന്നു.
ബ്രസീലുകാരോട് വാക്‌സിന്‍ എടുക്കാന്‍ തന്റെ ഭരണകൂടം ആവശ്യപ്പെടാന്‍ സാധ്യതയില്ലെന്നും വലതുപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപനം തടയാന്‍ മാസ്‌കുകള്‍ക്കാകുമെന്നതിന് തെളിവില്ലെന്നും അദ്ദേഹം വാദിക്കുകയുണ്ടായി.
കൊറോണ വൈറസ് വാക്‌സിന്‍ വ്യാപകമായി ലഭ്യമാകുമ്പോള്‍ ബ്രസീലുകാര്‍ക്ക് വാക്‌സിനേഷന്‍ ആവശ്യമില്ലെന്ന് ബൊല്‍സൊനാരോ നേരത്തെയും പറഞ്ഞിരുന്നു. തന്റെ നായയ്ക്ക് മാത്രമേ പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമുള്ളൂവെന്ന് ഒക്ടോബറില്‍ അദ്ദേഹം ട്വിറ്ററില്‍ പരിഹസിച്ചിരുന്നു.
ലോകത്ത് ഏറ്റവുമധികം കോവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. ജൂലായില്‍ ബൊല്‍സൊനാരോയ്ക്കും കോവിഡ് ബാധിച്ചിരുന്നു.
Content Highlights: Not going to take coronavirus vaccine, it's my right-Brazil's Jair Bolsonaro