ഓസ്ലോ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പ്രധാനമന്ത്രിക്ക് പിഴയിട്ട് നോര്‍വീജിയന്‍ പോലീസ്. നോര്‍വീജിയൻ പ്രധാനമന്ത്രി ഏണ സോള്‍ബെഗിനാണ് സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള കോവിഡ് പ്രതിരോധ നടപടികളില്‍ വീഴ്ചവരുത്തിയതിന് പിഴചുമത്തിയത്. ചട്ടം ലംഘിച്ച് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. 

പ്രധാനമന്ത്രിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തിന് കുടുംബാംഗങ്ങളായ 13 പേരെ ക്ഷണിക്കുകയും ഒരു റിസോര്‍ട്ടില്‍ വെച്ച് ആഘോഷം സംഘടിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. ആഘോഷ പരിപാടികള്‍ക്ക് പരമാവധി 10 പേരെ മാത്രമേ ഇത്തരം പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ എന്നാണ് നോര്‍വീജിയയിലെ ചട്ടം. സംഭവം വിവാദമായതിനെ തുടര്‍ന്ന് തനിക്കുണ്ടായ വീഴ്ചയില്‍ പ്രധാനമന്ത്രി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.

20,000 നോര്‍വീജിയന്‍ ക്രൗണ്‍ (1.76 ലക്ഷം രൂപ) ആണ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തിയതെന്ന് പോലീസ് മേധാവി ഓലെ സീവേഡ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സാധാരണയായി ഇത്തരം സംഭവങ്ങളില്‍ പോലീസ് കര്‍ശനമായി പിഴ ചുമത്താറില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്ന ആളാണ് പ്രധാനമന്ത്രി. അതുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരേ മാതൃകാപരമായി നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

'നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. എന്നാല്‍ നിയമത്തിനു മുന്നില്‍ എല്ലാവരും ഒരുപോലെയല്ല', പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ ഇടയായ സാഹചര്യം വിശദീകരിച്ചുകൊണ്ട് ഓലെ സീവേഡ് പറഞ്ഞു.

Content Highlights: Norwegian Prime Minister Was Fined By Police Over Covid Rules Violation