Kim Jong Un | Reuters
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നു. പൊതുപരിപാടിയില്‍ പങ്കെടുത്ത ഉന്നിന്റെ തലയിലെ ബാന്‍ഡേജാണ് പുതിയ ചര്‍ച്ചാവിഷയം. കറുത്ത പാടുകൾ മറച്ചു കൊണ്ടാണ് ബാൻഡേജ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളടക്കമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
കഴിഞ്ഞ മാസങ്ങളിൽ നടന്ന പല പരിപാടികളിലും കിം ജോങ് ഉൻ പ്രത്യക്ഷപ്പെട്ടത് തലയിൽ ബാൻഡേജുമായിട്ടാണെന്ന് എൻ.കെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ജൂലായ് 24 മുതൽ 27 വരെ കൊറിയൻ പീപ്പിൾസ് ആർമിയുടെ പരിപാടികളിൽഉൻ പ്രത്യക്ഷപ്പെട്ടത് ഇത്തരത്തില്‍ ആയിരുന്നു. കൂടാതെ ജൂലായ് 27 മുതൽ 29 വരെയുള്ള ഒരു സൈനിക കോൺഫറൻസിന്റെയും അനുബന്ധ പരിപാടികളുടെയും ദൃശ്യങ്ങളിൽ ഉന്നിന്റെ തലയിൽ കറുത്ത പാട് കണ്ടതായി എൻ.കെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ബാൻഡേജ് ഉപയോഗിക്കാത്ത ചിത്രത്തിൽ തലയുടെ പിന്‍ഭാഗത്ത് ഒരു കറുത്ത പാട് കാണാം. എന്നാൽ ഇത് ചതവാണെന്നാണ് സംശയമെന്ന് എൻ.കെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ കാരണം വ്യക്തമല്ലെന്നും ചെറിയൊരു പാട് കൊണ്ട് മാത്രം രോഗ നിർണയം നടത്തുക ബുദ്ധിമുട്ടാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രത്യേക തരത്തിൽ മുടിവെട്ടി ഒതുക്കുന്നത് കൊണ്ട് തന്നെ തലയിലെ പാട് വളരെ പെട്ടെന്ന് തന്നെ കണ്ടെത്താൻ സാധിക്കുന്ന രീതിയിലാണ്.
ഉത്തര കൊറിയൻ ഭരണാധികാരിയുടെ ആരോഗ്യം രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും രഹസ്യമായ കാര്യങ്ങളിലൊന്നാണ്. തലയിൽ ബാൻഡേജുമായി 37-കാരനായ കിം ജോങ് ഉൻ പൊതു പരിപാടിയ്ക്കെത്തിയത് അപൂർവമാണ്. അതേസമയം രാജ്യത്തെ സമ്പദ് വ്യവസ്ഥ തകർന്ന നിലയിലാണെന്നും കടുത്ത ഭക്ഷ്യക്ഷാമമാണ് ഉത്തര കൊറിയ നേരിടുന്നു എന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ജൂണില്‍ ഉൻ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത് വളരെ മെലിഞ്ഞ് ക്ഷീണിതനായിട്ടായിരുന്നു. ഇതുകണ്ട് ഉത്തര കൊറിയൻ ജനങ്ങൾ കരഞ്ഞുവെന്നാണ് ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തത്. ഇത് അദ്ദേഹത്തിന്റെ അസുഖത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വർധിപ്പിച്ചിരുന്നു.
എന്നാൽ കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി അസാധാരണമായിട്ടുള്ളതൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് സൗത്ത്കൊറിയൻ രഹസ്യാന്വേഷണ ഏജൻസി വ്യക്തമാക്കിയതായി യോൻഹാപ്പ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കുറച്ച് ദിസങ്ങൾക്ക് ശേഷം കിം ജോങ് ഉൻ തലയുടെ പിൻഭാഗത്തെ പാട് നീക്കം ചെയ്തുവെന്നും ഇപ്പോൾ കിമ്മിന്റെ തലയുടെ പിൻഭാഗത്ത് അത്തരത്തിൽ ഒരു പാട് ഇല്ലെന്നും രഹസ്യാന്വേഷണ ഏജൻസികൾ കൂട്ടിച്ചേർത്തു.
കിമ്മിന്റെ അമിവണ്ണവും പുകവലിയും ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നു എന്ന വാർത്തകളും പുറത്തു വന്നിരുന്നു. പൊതുയോഗങ്ങളിൽ നിന്ന് ആറാഴ്ചയോളം വിട്ടു നിന്നതും കിമ്മിന്റെ രോഗത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വർധിപ്പിക്കുകയായിരുന്നു. പിന്നീട് കിം പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തിയത് കൈയിൽ ഒരു വടിയുമായിട്ടായിരുന്നു. ഇത് കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു.
Content Highlights: North koreas Kim Jong Un’s head bandage is added to list of health mysteries
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..