പോങ്‌യാങ്: ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ. പരീക്ഷണത്തിന്‍റെ ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഉത്തര കൊറിയന്‍ മാധ്യമമായ 'റൊഡോങ് സിന്‍മണ്‍' പുറത്തുവിട്ടു. ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് അമേരിക്ക പ്രതികരിച്ചു.

അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണി വര്‍ധിക്കുന്ന തരത്തില്‍ ഉത്തര കൊറിയ അവരുടെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്റെ തെളിവാണ് മിസൈല്‍ പരീക്ഷണമെന്ന് അമേരിക്കയുടെ ഇന്‍ഡോ പസഫിക് കമാന്‍ഡ് മേധാവി പറഞ്ഞു. ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്ന മിസൈല്‍ പോലുള്ള ആയുധങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിനുയര്‍ത്തുന്ന ഭീഷണി വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് പരീക്ഷണം നടന്നതെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. 1500 കിലോ മീറ്റര്‍ ദൂരപരിധി വരെ മിസൈലുകള്‍ സഞ്ചരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ന്യൂക്ലിയര്‍, ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാകുന്ന ഒന്നും ചെയ്തിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ വാദം.

Content Highlights: North Korea tested long-range cruise missile