-
ലോകത്താകമാനം കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നിരിക്കുന്നു. മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. 184 രാജ്യങ്ങളുടെ കോവിഡ് ബാധയെ കുറിച്ചുള്ള വിവരം ദിനംപ്രതി പുറത്തുവരുമ്പോഴും തുടക്കം മുതല്‍ ഇന്നുവരെ കോവിഡ് ഞങ്ങളെ ബാധിച്ചിട്ടില്ലെന്ന് ആണയിട്ട് പറയുന്ന ഒരു രാജ്യമുണ്ട്, മറ്റേതുമല്ല അത് കിം ജോങ് ഉന്നിന്റെ സ്വന്തം ഉത്തരകൊറിയ ആണ്. രാജ്യത്ത് പൂജ്യം കോവിഡ് കേസുകള്‍ ആണെന്ന് കിം പറയുമ്പോള്‍ ആ വാദത്തിനെ സംശയദൃഷ്ടിയോടെയാണ് രാജ്യാന്തരസമൂഹം നിരീക്ഷിക്കുന്നത്.
പോരാട്ടം മുമ്പേ തുടങ്ങിയ ഉത്തരകൊറിയ ?
ലോകത്ത് മറ്റു രാജ്യങ്ങള്‍ കൊവിഡ് 19 അപകടം തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ അവശ്യമായ മുന്‍ കരുതലെടുക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതുകൊണ്ടാണ് രോഗ ഭീഷണി തടയാനായതെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്.
ചൈനയില്‍ നിന്നുള്ള വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചുതുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു തുടങ്ങിയ ജനുവരി മുതല്‍ ഉത്തരകൊറിയയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കരുതലുകളും ആരംഭിച്ചിരുന്നുവെന്നാണ് പ്രാദേശിക പത്രമായ റോഡോങ് സിന്‍മംമ് റിപ്പോര്‍ട്ട് ചെയ്തത്. ദേശീയ അതിജീവനം എന്നാണ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളെ പത്രം വിശേഷിപ്പിച്ചത്.
രാജ്യത്ത് ഒരു കോവിഡ്-19 കേസ് പോലും ഇല്ലെന്നാണ് മാര്‍ച്ച് 13ന് ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ലോകാരോഗ്യസംഘടനയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയ അതേസമയം അയല്‍രാജ്യമായ ചൈനയില്‍ രോഗബാധിതരുടെ എണ്ണം 80,000വും ദക്ഷിണ കൊറിയയിലും പെനിന്‍സുലയിലും കേസുകള്‍ 8000 കടന്നിരുന്നു.
വിമാനവും സൈനികഅഭ്യാസവും ഇല്ലാതെ ഉത്തരകൊറിയ
മുന്‍കരുതലിന്റെ ഭാഗമായി നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ ഉത്തരകൊറിയയില്‍ ജനജീവിതം സ്തംഭവിച്ച നിലയിലാണെന്നാണ് അന്തരാഷ്ട്ര വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തേക്കുള്ള പ്രവേശനവും രാജ്യത്ത് നിന്നുള്ള യാത്രകളും നിരോധിച്ചു. റെയില്‍,വ്യോമ,റോഡ് ഗതാഗതം നിരോധിച്ചു. സ്‌കൂളുകളും സര്‍വകലാശാലകളും അടച്ചു. നയതന്ത്ര പ്രതിന്ധികളുള്‍പ്പെടെ വിദേശത്ത് നിന്നെത്തിയ എല്ലാവരേയും 30 ദിവസം ക്വാറന്റൈനിലാക്കി.
മാര്‍ച്ച് 14ന് ദക്ഷിണകൊറിയയിലുള്ള യുഎസ് സൈനിക കമാന്‍ഡര്‍ ജനറല്‍ റോബര്‍ട്ട് എബ്രാംസ് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ, കഴിഞ്ഞ 24 ദിവസമായി ഉത്തരകൊറിയ ഒരു വിമാനം പോലും പറത്തിയിട്ടില്ല. ഉത്തരകൊറിയയില്‍ കോവിഡ് കേസുകളുണ്ടെന്ന് ഉറപ്പാണ്.
അതേസമയം ഈ സൂചനയല്ല ഉത്തരകൊറിയ ലോകത്തിന് നല്‍കുന്നത്, ലോകത്ത് കോവിഡ് വൈറസ് ബാധ ഏറ്റവും രൂക്ഷമായ നിലയില്‍ നില്‍ക്കുമ്പോള്‍ എക്കാലത്തേയും കൂടുതല്‍ മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഫെബ്രുവരി അവസാനം മുതല്‍ ഉത്തരകൊറിയ നാലോളം മിസൈല്‍ പരീക്ഷണം നടത്തിയത്ഇത് യഥാര്‍ഥ കാര്യങ്ങളെ ഒളിപ്പിക്കാനുള്ള ഒരു മറയാണെന്നാണ് യുഎസ് സൈന്യം പറയുന്നത്.
കിമ്മിനെ ട്രംപ് വിളിച്ചപ്പോള്‍..
മാര്‍ച്ച് 22, ഉത്തരകൊറിയയുടെ മൂന്നാം മിസൈല്‍ പരീക്ഷണത്തിന് തൊട്ടുപിന്നാലെയാണ് ആ വാര്‍ത്തകള്‍ പുറത്തുവന്നത്, നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം കോവിഡ് മഹാമാരിക്കെതിരെ പോരാടാന്‍ കൂട്ടായ പരിശ്രമം നിര്‍ദേശിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് കിമ്മിന് കത്തയച്ചിരിക്കുന്നു. കിമ്മുമായി ബന്ധപ്പെട്ടെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. എന്നാല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല.
ഏപ്രില്‍ 7.. ലോകത്താകമാനം 14 ലക്ഷത്തോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 74000ത്തോളം പേര്‍ മരണപ്പെട്ടിരിക്കുന്നു. പക്ഷെ ഉത്തരകൊറിയയില്‍ നിന്നുള്ള പ്രസ്താവനകള്‍ക്ക് മാത്രം മാറ്റമില്ല. രാജ്യത്ത് ഇപ്പോഴും പൂജ്യം കോവിഡ് കേസുകള്‍.
രാജ്യത്ത് ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് സാനിറ്ററി ഇന്‍സ്‌പെക്ഷന്‍ ബോര്‍ഡ് പ്രസിഡന്റ് പാക് മയോങ് സു ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്ത് കൊറോണ വൈറസ് ബാധയില്ലെന്ന് ഉത്തരകൊറിയ ആവര്‍ത്തിക്കുന്നതും.
കിമ്മിനെ വിശ്വസിക്കണോ?
ഉത്തരകൊറിയയില്‍ കോവിഡ് ബാധ ഇല്ലാതിരിക്കാന്‍ യാതൊരു സാധ്യതയും ഇല്ലെന്നാണ് ബ്രിട്ടീഷ് ഗവേഷകനായ ആന്‍ഡ്രെ അബ്രഹാമിയന്‍ പറയുന്നത്. പതിനഞ്ച് വര്‍ഷത്തോളം താന്‍ നിരന്തരം ഉത്തരകൊറിയയിലെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. നിലവില്‍ ഉത്തരകൊറിയയിലെ ചില വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം രാജ്യത്തെ സ്ഥിതി വഷളാവുന്നുവെന്നാണ് മനസ്സിലാക്കാനാവുന്നത്. തീര്‍ച്ചയായും അവരെ കോവിഡ് ബാധിച്ചിരിക്കണം.
ഉത്തരകൊറിയയില്‍ അസോസിയേറ്റഡ് പ്രസ്സിനു വേണ്ടി ദീര്‍ഘകാലം ജോലി ചെയ്തിരുന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ജീന്‍ എച്ച് ലീയും ഇക്കാര്യം സമ്മതിക്കുന്നു. ഒരു മാസം മുന്‍പ് റഷ്യ ഉത്തരകൊറിയയ്ക്ക് 15000 കോവിഡ് ടെസ്റ്റ് കിറ്റുകള്‍ നല്‍കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍ അവിടെ എന്താണ് സംഭവിക്കുന്നത് വ്യക്തമായി പറഞ്ഞുതരാന്‍ വളരെ കുറച്ച് വിദേശ നയതന്ത്രപ്രതിനിധികള്‍ മാത്രമേ അവിടെയുള്ളൂ. ബാക്കിയുള്ളവര്‍ നിരീക്ഷണത്തിലാണ്. യാത്ര ചെയ്യാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ശേഷിക്കുന്നവര്‍ക്ക് ആശുപത്രികളില്‍ പോവാനോ മാധ്യമങ്ങളെ ബന്ധപ്പെടാനോ സാധിക്കുന്നില്ല. യാഥാര്‍ഥ്യം മൂടിവെയ്ക്കപ്പെടുകയാണ്. ഉത്തരകൊറിയ ചൈനയുമായി വളരെ വലിയ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ട്രാഫിക് മാത്രം കണക്കിലെടുത്താല്‍ മതി ഉത്തരകൊറിയയില്‍ കോവിഡ് ബാധയില്ലെന്ന് വിശ്വസിക്കാതിരിക്കാന്‍, സര്‍ക്കാരിനെ വിശ്വസിക്കാനാവില്ല- ലീ പറഞ്ഞു.
1400 കി.മീ അതിര്‍ത്തിയാണ് ഇരു രാജ്യങ്ങളും തമ്മില്‍ പങ്കുവെയ്ക്കുന്നത്. ചൈനയുടെ പിന്തുണയില്ലാതെ ഉത്തരകൊറിയയ്ക്ക് അതിജീവിക്കാന്‍ സാധിക്കില്ലെന്നുറപ്പ്. ജനുവരി അവസാനത്തോടെയാണ് രാജ്യം ചൈനയുമായുള്ള അതിര്‍ത്തി അടച്ചത്. കര്‍ശന നിയന്ത്രണങ്ങളോടെയുള്ള ചരക്ക് നീക്കം മാത്രമായിരുന്നു ബാക്കിയുള്ളത്. എന്നാല്‍ അപ്പോഴേക്കും ചൈനയില്‍ വൈറസ് വ്യാപനം അനിയന്ത്രിതമായി. ചൈനയുമായുള്ള ഇടപാടുകളെ ആശ്രയിക്കുന്ന ഉത്തരകൊറിയന്‍ അതിര്‍ത്തിയില്‍ വൈറസ് വ്യാപനം അവസാനിച്ചുവെന്ന് കരുതാനാവില്ല- ലീ വിശദീകരിക്കുന്നു.
ഉത്തരമില്ലാത്ത നൂറുകണക്കിന് മരണങ്ങള്‍
മാര്‍ച്ച് 9- 180 ഉത്തരകൊറിയന്‍ സൈനികര്‍ കൊറോണ സമാനമായ ലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ച് മരണപ്പെട്ടതായി കൊറിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മരണത്തിന് പിന്നാലെ സൈനിക ക്യാമ്പുകളും ആശുപത്രികളും അണുവിമുക്തമാക്കിയെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. രണ്ടാഴ്ചക്കിപ്പുറം മാര്‍ച്ച് 25ന് ഉത്തരകൊറിയന്‍ ജയിലുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നമരണങ്ങളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നെന്ന് വിശദീകരണം. പിന്നാലെ ജയിലില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. തുടര്‍മരണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വേറെയും. എന്നാല്‍ ഇതിലൊന്നും കൃത്യമായ വിശദീകരണം രാജ്യത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഉത്തരകൊറിയ ഇത് മനപൂര്‍വം ഒളിച്ചുവെയ്ക്കുകയാണെന്നാണ് നിരീക്ഷണം.
ദുര്‍ബലമായ ആരോഗ്യസംവിധാനങ്ങള്‍
പകര്‍ച്ചവ്യാധി വ്യാപനത്തെ ചെറുക്കാന്‍ പ്രാപ്തി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ അധികം പിന്നിലല്ലാതെ ഉത്തരകൊറിയയും സ്ഥാനം പിടിച്ചിട്ടുണ്ട്. ദുര്‍ബലമായ പൊതുജനാരോഗ്യസംവിധാനം തന്നെ കാരണം. ഉത്തരകൊറിയയ്ക്ക് അവകാശപ്പെടാനുള്ളത് ദുര്‍ബലമായ ആരോഗ്യസംവിധാനങ്ങള്‍ ആണ്. തലസ്ഥാനമായ പ്യോങ്യാങ്ങിലെ ആശുപത്രികളില്‍ മാത്രമാണ് അല്‍പമെങ്കിലും സൗകര്യങ്ങള്‍ ഉള്ളത്. ഡ്രിപ്പിടാനായി ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍ ഉപയോഗിക്കുന്ന, കൈ കഴുകിയ വെള്ളം ശേഖരിച്ച് വീണ്ടും ഉപയോഗിക്കുന്ന ഉത്തരകൊറിയന്‍ ആശുപത്രികളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ വിവരങ്ങള്‍ പുറത്തുവിടാതെ കുറവുകളെ ഒളിച്ചുവെയ്ക്കാനാണ് കിം ശ്രമിക്കുന്നതെന്നും വിമര്‍ശനമുണ്ട്.
കാര്യമെന്തായാലും ഉത്തരകൊറിയയില്‍ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 9 ലക്ഷം യുഎസ് ഡോളര്‍ ചെലവഴിക്കുമെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
രഹസ്യ സഹായം തേടി ഉത്തരകൊറിയ?
ഉത്തരകൊറിയ രഹസ്യമായി രാജ്യാന്തര സഹായം തേടിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. കൊറോണ വൈറസ് പ്രതിരോധത്തിന് ഉത്തര കൊറിയ ഫേസ് മാസ്‌കുകള്‍, കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകള്‍ എന്നിവയ്ക്കായി ദക്ഷിണ കൊറിയയിലെ ആശുപത്രികളില്‍ നിന്നും സഹായ സംഘടനകളില്‍ നിന്നും സഹായം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.
ഉത്തരകൊറിയ പുറത്തുവിടുന്ന വിവരങ്ങളെ കണ്ണടച്ച് വിശ്വസിക്കാന്‍ രാജ്യാന്തര സമൂഹം തയ്യാറായിട്ടില്ല. രാജ്യത്ത് കൊറോണ വ്യാപനം ആരംഭിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ ഉത്തര കൊറിയയുടെ ആരോഗ്യസംവിധാനം മതിയായ സൗകര്യങ്ങളില്ലാത്തതാണെന്നും, വൈറസ് വ്യാപനത്തെ കൈകാര്യം ചെയ്യാന്‍ രാജ്യത്തിനു പ്രയാസമായിരിക്കുമെന്നുമാണ് രാജ്യാന്തര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..