കിം ജോങ് ഉൻ. photo: bbc
സോള്‍: ഉത്തരകൊറിയ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 17 വിജയകരമായി പരീക്ഷിച്ചു. പതിവ് രീതികളില്‍നിന്ന് വ്യത്യസ്തമായി ഹോളിവുഡ് സിനിമാ സ്റ്റൈലില്‍ തയ്യാറാക്കിയ മിസൈല്‍ വിക്ഷേപണത്തിന്റെ വീഡിയോയും ഉത്തരകൊറിയ പുറത്തിറക്കി. ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നേരിട്ടെത്തി മിസൈല്‍ പരീക്ഷണത്തിന് നേതൃത്വം കൊടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ലെതര്‍ ജാക്കറ്റും ഡാര്‍ക്ക് സണ്‍ഗ്ലാസും ധരിച്ച് മാസ് ലുക്കിലാണ് വീഡിയോയില്‍ കിം ജോങ് പ്രത്യക്ഷപ്പെടുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം അദ്ദേഹം മിസൈല്‍ വിക്ഷേപണ തറയിലേക്ക് നടന്നുനീങ്ങുന്ന ദൃശ്യങ്ങളും മറ്റും ഏറെ നാടകീയമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ബോളിവുഡ് സിനിമാ സ്റ്റൈലില്‍ പശ്ചാത്തല സംഗീതവും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഉത്തരകൊറിയയുടെ സൈനിക ശക്തി എന്താണെന്ന് തെളിയിക്കാനുള്ള വീഡിയോ ഒരേസമയം രാജ്യത്തിന്റെ അഭിമാനവും കിം ജോങിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍കൂടി ലക്ഷ്യമിട്ടുള്ളതാണ്. കിം ജോങ് ഏറെ അഭിമാനത്തെടെ സൈനിക ശക്തിയില്‍ ചേര്‍ത്ത ആയുധം കൂടിയാണ് ഹ്വാസോങ് 17.
ഉത്തരകൊറിയന്‍ തലസ്ഥാനത്തുനിന്നും 25 കിലോമീറ്ററോളം അകലെയുള്ള പ്രോങ്യാങ് സുനാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. 25 മീറ്റര്‍ നീളവും ഒരുലക്ഷം കിലോഗ്രാം ഭാരവുമുള്ള ഹ്വാസോങ് 17 ഉത്തരകൊറിയയുടെ ഏറ്റവും വലിയ മിസൈലാണ്. പരീക്ഷണ വേളയില്‍ 67 മിനിറ്റ് യാത്രയില്‍ 6248 കിലോമീറ്റര്‍ ഉയരവും 1090 കിലോമീറ്റര്‍ ദൂരവും മിസൈല്‍ പിന്നിട്ടു. യുദ്ധസാഹചര്യത്തില്‍ 15000 കിലോമീറ്റര്‍ ദൂരം പിന്നിടാനും ഹ്വാസോങിന് സാധിക്കുമെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം.
പ്രകോപനമുണ്ടായാല്‍ ലോകത്തെ ഏതു ഭാഗത്തേക്കും അക്രമണം നടത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന മുന്നറിയിപ്പാണ് മിസൈല്‍ വിക്ഷേപണത്തിലൂടെ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കിം ജോങ് ഉന്‍ നല്‍കുന്നത്. ഹ്വാസോങ് 17 മിസൈല്‍ യുഎസിന്റെ മുഴുവന്‍ മേഖലകളെയും ലക്ഷ്യമിടാന്‍ പര്യാപ്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: North Korea Hwasong-17 launch gets Hollywood-style effects
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..