സോള്‍(ദക്ഷിണ കൊറിയ): ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവുന്നതിനിടെ കൊറിയന്‍ സംയുക്ത ഓഫീസ് ഉത്തര കൊറിയ ബോംബിട്ട് തകര്‍ത്തു. ദക്ഷിണ കൊറിയയ്ക്ക് സമീപം കേയ്‌സോങിലെ ഇരുരാജ്യങ്ങളുടേയും സംയുക്ത ഓഫീസ് ആണ് ഉത്തര കൊറിയ സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. 

ഇരു രാജ്യങ്ങള്‍ക്കും തമ്മില്‍ ആശയവിനിമയം നടത്താനായി 2018-ലാണ് കേയ്‌സോങില്‍ സംയുക്ത ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. 20 ഉദ്യോഗസ്ഥരെ വീതമാണ് സംയുക്ത ഓഫീസില്‍ വിന്യസിക്കുന്നത്. എന്നാല്‍ 2018-ല്‍ സ്ഥാപിച്ച സംയുക്ത ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ നിന്നും 2019-ല്‍ തന്നെ ഉത്തര കൊറിയ ഭാഗികമായി പിന്മാറിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി മുതല്‍ ഓഫീസില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നില്ല. പ്രദേശികസമയം 2.49-ഓടെ സ്‌ഫോടനം നടന്നതായി ദക്ഷിണ കൊറിയന്‍ ഔദ്യോഗിക വക്താക്കാള്‍ പ്രതികരിച്ചു. 

ആഴ്ചകളായി ഇരു രാജ്യങ്ങളും തമ്മില്‍ ശീതയുദ്ധ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുകയാണ്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനും സഹോദരി കിം യോ ജോങിനുമെതിരെ ദക്ഷിണ കൊറിയ അനാവശ്യമായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ഇരുവര്‍ക്കുമെതിരെ അതിര്‍ത്തിയിലേക്ക് ലഘുലേഖകള്‍ പറത്തിവിടുന്നതാണ് ഉത്തര കൊറിയയെ പ്രധാനമായും ചൊടിപ്പിച്ചത്. ഇത്തരത്തില്‍ അഞ്ചു ലക്ഷത്തോളം ലഘുലേഖകള്‍ ബലൂണില്‍ കെട്ടി പറത്തിയതായി ഉത്തര കൊറിയ ആരോപിച്ചിരുന്നു. ഉത്തര കൊറിയയുടെ ആണവനയം, കിം ജോങ് ഉന്നിന്റെ ഏകാധിപത്യ ഭരണം, പൗരവകാശങ്ങളുടെ ലംഘനം എന്നിവയ്ക്കെതിരെ  കടുത്ത വിമര്‍ശനങ്ങളാണ് ലഘുലേഖകളിലുള്ളത്. 

ഇക്കാരണത്താല്‍ ഉത്തര കൊറിയയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് കിമ്മിന്റെ സഹോദരി കിം ജോങ് യോങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദക്ഷിണ കൊറിയയുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നടപടി സ്വീകരിക്കാന്‍ സൈന്യത്തെ ചുമതലപ്പെടുത്തുമെന്നും കിം യോ ജോങ് മുന്നറിയിപ്പ് നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സമ്മര്‍ദ്ദം രൂക്ഷമാവുന്നതിനിടെയാണ് സംയുക്ത ഓഫീസ് ഉത്തര കൊറിയ സ്‌ഫോടനത്തില്‍ തകര്‍ത്തത്. 

Content Highlights: North Korea Destroys South Korea Joint Office in Rebuke to Seoul