പ്യോങ്‌യാങ്: ടോക്യോ ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങിന് രണ്ട് ദിവസത്തിന് ശേഷം മത്സരങ്ങള്‍ ആദ്യമായി സംപ്രേഷണം ചെയ്ത് ഉത്തര കൊറിയ. ഒളിമ്പിക്‌സില്‍ ബ്രിട്ടനും ചിലിയും തമ്മിലുള്ള വനിതാ ഫുട്‌ബോള്‍ മത്സരം  ഉത്തര കൊറിയന്‍ ദേശീയ ടെലിവിഷന്‍ ഈയാഴ്ച സംപ്രേഷണം ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലായ് 21നാണ് മത്സരം നടന്നത്.

വനിതാ ഫുട്‌ബോള്‍ മത്സരം 70 മിനിറ്റ് കമന്ററി കൂടാതെ കുറഞ്ഞ റെസല്യൂഷനില്‍ സംപ്രേഷണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മത്സരത്തിന്റെ ദൃശ്യങ്ങള്‍ എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമല്ല. മുന്‍ വര്‍ഷങ്ങളില്‍, ഏഷ്യ-പസഫിക് ബ്രോഡ്കാസ്റ്റിംഗ് യൂണിയന്‍ ദക്ഷിണ കൊറിയന്‍ ബ്രോഡ്കാസ്റ്ററായ എസ്ബിഎസുമായുള്ള പങ്കാളിത്തത്തിലൂടെ മത്സരങ്ങളുടെ ദൃശ്യങ്ങള്‍ ഉത്തര കൊറിയക്ക് നല്‍കിയിരുന്നു.

കോവിഡിന്റെ പേരില്‍ ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാതിരുന്ന രാജ്യമാണ് ഉത്തരകൊറിയ. കോവിഡില്‍ നിന്ന് അത്‌ലറ്റുകളെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് ഉത്തരകൊറിയ ഒളിമ്പിക്സിൽ നിന്ന് വിട്ടുനിന്നത്. രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ചിട്ടില്ലെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. എന്നാല്‍ വിദഗ്ദ്ധര്‍ ഇത് തള്ളിക്കളയുകയാണ്. 

ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ഉത്തരകൊറിയയുടെ തീരുമാനം സംയുക്തമായി മത്സരിക്കാമെന്ന ദക്ഷിണ കൊറിയയുടെ പ്രതീക്ഷകളും ഇല്ലാതാക്കിയിരുന്നു. നേരത്ത്, 2018 വിന്റര്‍ ഒളിമ്പിക്‌സില്‍ ഉത്തര- ദക്ഷിണ കൊറിയകള്‍ സംയുക്തമായാണ് മത്സരിച്ചത്. 1988-ലെ സോള്‍ ഒളിന്പിക്സ് ബഹിഷ്‌കരിച്ചതിന് ശേഷം ഉത്തരകൊറിയ ഇതാദ്യമായാണ് ഒരു സമ്മര്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാതിരിക്കുന്നത്.

Content Highlights: North Korea airs Olympics coverage days after it ends