സോള്‍: ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള വൈരത്തിന്റെ മഞ്ഞുരുകുന്നതായി സൂചന. അടുത്തമാസം നടക്കുന്ന ശീതകാല  ഒളിമ്പിക്‌സിലെ വനിതകളുടെ ഐസ് ഹോക്കി മത്സരത്തില്‍ ഒറ്റ ടീമായി ഇറങ്ങാന്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്നു തീരുമാനമായി.

ഇതിന്‍ പ്രകാരം ഉത്തര കൊറിയയില്‍നിന്നും ദക്ഷിണ കൊറിയയില്‍നിന്നുമുള്ള കളിക്കാരികളെ ഉള്‍പ്പെടുത്തിയാവും ഐസ് ഹോക്കി ടീം രൂപവത്കരിക്കുക. ദക്ഷിണ കൊറിയയിലാണ് ഇത്തവണത്തെ ശീതകാല  ഒളിമ്പിക്‌സ് നടക്കുന്നത്.

ശീതകാല  ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഏകീകൃത പതാകയ്ക്കു കീഴില്‍ മാര്‍ച്ച് ചെയ്യുമെന്നും ദക്ഷിണ കൊറിയയുടെ യൂണിഫിക്കേഷന്‍ മന്ത്രാലയം കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

550 അംഗ സംഘത്തെയാണ് ഉത്തര കൊറിയ അയക്കുന്നത്. ഇതില്‍ 230 പേര്‍ ചിയര്‍ ലീഡര്‍മാരും 140 കലാകാരന്മാരും 30 തായ്‌ക്കൊണ്ടോ കളിക്കാരുമുണ്ടാകും. ജനുവരി 25നാണ് ഉത്തരകൊറിയന്‍ സംഘം ദക്ഷിണ കൊറിയയില്‍ എത്തുക.

content highlights: North and South Korea to form unified ice hockey team