2021 ലെ വൈദ്യശാസ്ത്ര നോബേൽ നേടിയ ഡേവിഡ് ജൂലിയസ്, ആർഡം പറ്റപോഷിയൻ എന്നിവർ.
സ്റ്റോക്ക്ഹോം: മനുഷ്യശരീരത്തിൽ ചൂടും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന സ്വീകരണികൾ (റിസെപ്ടറുകൾ) കണ്ടെത്തിയ രണ്ടു അമേരിക്കൻ ഗവേഷകർ 2021 ലെ വൈദ്യശാസ്ത്ര നൊബേൽ പങ്കിട്ടു.
ബയോകെമിസ്റ്റായ ഡേവിഡ് ജൂലിയസ്, ആർഡം പറ്റപോഷിയൻ എന്നിവരാണ് പുരസ്കാര ജേതാക്കൾ. 10 ലക്ഷം ഡോളർ (7.2 കോടി രൂപ) സമ്മാനത്തുക ഇരുവർക്കുമായി ലഭിക്കും.
സ്പർശവും വേദനയും ചൂടുമൊക്കെ ഏൽക്കുമ്പോൾ, നമ്മുടെ ശരീരം അത്തരം ഭൗതികസംവേദനങ്ങളെ എങ്ങനെ വൈദ്യുതസ്പന്ദനങ്ങളായി സിരാവ്യൂഹത്തിൽ (nervous system) എത്തിക്കുന്നു എന്ന സുപ്രധാന കണ്ടെത്തലാണ് ഇരുവരും നടത്തിയത്.
വേദന നിവാരണം ചെയ്യാൻ പുതിയ വഴി കണ്ടെത്താൻ സഹായിക്കുന്ന കണ്ടെത്തലാണിതെന്ന് വിലയിരുത്തപ്പെടുന്നു. 'സുപ്രധാനവും വലിയ മാനങ്ങളുള്ളതുമായ കണ്ടെത്തലാണിത്' -നൊബേൽ പുരസ്കാര കമ്മറ്റിയിലെ തോമസ് പേൾമാൻ പറഞ്ഞു.
ന്യൂയോർക്കിൽ 1955 ൽ ജനിച്ച ജൂലിയസ്, ബെർക്ക്ലിയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ നിന്നാണ് പി.എച്ച്.ഡി.നേടിയത്. നിലവിൽ സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രഫസറാണ്.
1967 ൽ ലബനനിലെ ബെയ്റൂട്ടിൽ ജനിച്ച പറ്റപോഷിയൻ, യു.എസിൽ പസദേനയിലെ കാലിഫോർണിയ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് പി.എച്ച്.ഡി. നേടിയത്. നിലവിൽ കാലിഫോർണിയയിലെ ലാ ഹോലയിലെ സ്ക്രിപ്പ്സ് റിസർച്ചിൽ പ്രൊഫസറാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..