മരിയ റെസ്സെ| Photo: AFP
ജനാധിപത്യം, സമാധാനം- ലോകത്തിലെ ഏറ്റവും മനോഹരമായ രണ്ട് ആശയങ്ങള്‍. പക്ഷേ, ഇവയ്ക്ക് നില്‍ക്കണമെങ്കില്‍ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന അടിത്തറയുണ്ടായേ മതിയാകൂ. ഈ അടിത്തറയ്ക്കു വേണ്ടി, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി മാധ്യമപ്രവര്‍ത്തനത്തെ വിനിയോഗിച്ച മരിയ റെസ്സയ്ക്കും ദിമിത്രി മുറടോവിനുമാണ് ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം.
സ്വന്തം രാജ്യത്ത് നടക്കുന്ന അധികാര ദുര്‍വിനിയോഗത്തെയും അതിക്രമങ്ങളെയും വളര്‍ന്നുവരുന്ന ഏകാധിപത്യത്തെയും എതിരിടാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സമര്‍ഥമായി വിനിയോഗിച്ച മാധ്യമപ്രവര്‍ത്തകയാണ് മരിയ റെസ്സ. 1963 ഒക്ടോബര്‍ രണ്ടിന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലായിരുന്നു മരിയയുടെ ജനനം. 58-കാരിയായ മരിയക്ക് സമാധാനത്തിനുള്ള നൊബേല്‍ ലഭിക്കുമ്പോള്‍ അതിന് ചരിത്രപരമായ പ്രധാന്യവുമുണ്ട്. ഫിലിപ്പീന്‍സില്‍നിന്നുള്ള ആദ്യ നൊബേല്‍ ജേതാവു കൂടിയായി ഇവര്‍ മാറി.
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം ലക്ഷ്യമാക്കി 2012-ലാണ് മരിയ സഹസ്ഥാപകയായ ഡിജിറ്റല്‍ മീഡിയ കമ്പനി റാപ്പ്‌ളര്‍ സ്ഥാപിതമാകുന്നത്. മാധ്യമപ്രവര്‍ത്തക എന്ന നിലയിലും റാപ്പ്‌ളറിന്റെ സി.ഇ.ഒ. എന്ന നിലയിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട ധീരയായ പോരാളിയായിരുന്നു അവര്‍.
ഫിലിപ്പീന്‍സില്‍ 2016-ല്‍ അധികാരത്തിലെത്തിയ പ്രസിഡന്റ് റോഡിഗ്രോ ഡുറ്റെര്‍ടിന്റെ ഭരണകൂടത്തിനു നേര്‍ക്ക് വിമര്‍ശനത്തിന്റെ മൂര്‍ച്ചയേറിയ കണ്ണുകള്‍ റാപ്പ്‌ളര്‍ തുറന്നുവെച്ചു. ഭരണകൂടത്തിന്റെ മയക്കുമരുന്നു വിരുദ്ധ കാമ്പയിനിലെ ക്രമക്കേടുകള്‍ ഇവര്‍ പൊതുജന സമക്ഷത്ത് എത്തിച്ചു. സ്വന്തം ജനങ്ങള്‍ക്ക് എതിരായ യുദ്ധം എന്ന പോലെയായിരുന്നു സര്‍ക്കാരിന്റെ മയക്കുമരുന്നു കാമ്പയിൻ. ഡുടേര്‍ടിന്റെ തന്നെ ആശീര്‍വാദത്തോടെ നടന്ന നിയമവിരുദ്ധക്കൊലകളിലേയ്ക്ക് മരിയയും റാപ്പ്‌ളറും വെളിച്ചം വീശി.

ഭരണകൂടത്തിന് മരിയ അനഭിമതയാകാന്‍ ഇനിയും കാരണങ്ങളുണ്ടായിരുന്നു. വ്യാജവാര്‍ത്തകള്‍ക്കെതിരേ ആഗോളതലത്തിലുള്ള പോരാളി കൂടിയായിരുന്നു അവര്‍. വ്യാജവാര്‍ത്താ പ്രചാരണം, എതിരാളികളെ അപമാനിക്കല്‍ തുടങ്ങിയവയ്ക്ക് സാമൂഹിക മാധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നും മരിയയും റാപ്പ്‌ളറും തെളിവുകള്‍ നിരത്തി വ്യക്തമാക്കി.
2020 ജൂണില്‍ മരിയ അറസ്റ്റിലാവുകയും തടവിന് വിധിക്കപ്പെടുകയും ചെയ്തു. അപകീര്‍ത്തികരമായ വിവരങ്ങള്‍ ഡിജിറ്റലായി പ്രചരിപ്പിച്ചെന്ന കുറ്റമായിരുന്നു മരിയയ്ക്കു മേല്‍ ചുമത്തിയത്. നീതിയുടെയും ജനാധിപത്യത്തിന്റെയും പരാജയമെന്നാണ് ശിക്ഷാവിധിയെ റാപ്പ്‌ളര്‍ വിശേഷിപ്പിച്ചത്. ജാമ്യത്തിലിറങ്ങിയ മരിയ കോര്‍ട്ട് ഓഫ് അപ്പീലില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
റാപ്പ്‌ളര്‍ സ്ഥാപിക്കുന്നതിന് മുന്‍പ് സി.എന്‍.എന്നിന്റെ മനില, ജക്കാര്‍ത്ത ബ്യൂറോകളില്‍ മരിയ പ്രവര്‍ത്തിച്ചിട്ടുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഭീകരവാദമായിരുന്നു അന്ന് മരിയ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന മേഖല. അന്വേഷണാത്മകവും ധീരവുമായ മാധ്യമപ്രവര്‍ത്തനത്തിന് ഇതിന് മുന്‍പും പുരസ്‌കാരങ്ങള്‍ മരിയയെ തേടിയെത്തിയിട്ടുണ്ട്. 2018-ല്‍ ടൈംസ് മാസിക പേഴ്‌സണ്‍ ഓഫ് ദ ഇയറായി മരിയയെ തിരഞ്ഞെടുത്തിരുന്നു.
Read More- അഴിമതിക്കെതിരേ ചലിച്ച തൂലിക; സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കാന്‍ പോരാട്ടം, ഒടുവില്‍ നൊബേല്‍
content highlights: Nobel Peace Prize 2021 winner Maria Ressa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..