ടെക്‌സാസിലെ അതിശൈത്യം | Photo : AFP
വാഷിങ്ടണ്‍: യുഎസിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം മൂലം ജനജീവിതം ഏറെക്കുറെ നിശ്ചലമായി. കനത്ത മഞ്ഞുവീഴ്ചയും മൈനസിന് താഴെ തുടരുന്ന താപനിലയും മൂലം ടെക്‌സാസിലെ സ്ഥിതിയാണ് കൂടുതല്‍ രൂക്ഷമായി തുടരുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 21 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കാലാവസ്ഥ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

2.7 ദശലക്ഷം വീടുകളില്‍ വൈദ്യുതി നിലച്ചിരിക്കുകയാണ്. ഇത് മൂലം വീടുകള്‍ക്കുള്ളില്‍ താപനില വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിലയിലാണ്. പ്രകൃതി വാതക കിണറുകള്‍, വിതരണത്തിനുള്ള കുഴലുകള്‍, കാറ്റാടി യന്ത്രങ്ങള്‍ എന്നിവ കനത്ത മഞ്ഞില്‍ തണുത്തുറഞ്ഞതോടെ തടസ്സപ്പെട്ട വൈദ്യുതി ഉത്പാദനവും വിതരണവും ഈ ആഴ്ച അവസാനത്തോടെ മാത്രമേ പുനഃസ്ഥാപിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.
കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് റോഡുകള്‍ വിജനമാണ്. ശുദ്ധജല വിതരണവും ഭാഗികമായി തടസ്സപ്പെട്ട നിലയിലാണ്. ഹൂസ്റ്റണിലെ ആശുപത്രികളിലും ടെക്‌സാസിലെ ഭൂരിഭാഗം വീടുകളിലും ജലവിതരണം നിലച്ചതായാണ് റിപ്പോര്‍ട്ട്. 21 പേരുടെ മരണം സ്ഥിരീകരിച്ചുവെങ്കിലും കൂടുതല്‍ പേര്‍ മരിച്ചിരിക്കാനിടയുണ്ടെന്നാണ് ഔദ്യോഗിക നിഗമനം.

പ്രധാനമായും പ്രകൃതിവാതകമാണ് ടെക്‌സാസില്‍ ഊര്‍ജ്ജോത്പാദനത്തിനുപയോഗിക്കുന്നത്. പ്രതികൂലകാലാവസ്ഥ ഊര്‍ജ്ജോത്പാദനത്തെ രൂക്ഷമായി തന്നെ ബാധിച്ചിരിക്കുകയാണ്. ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി ടെക്‌സാസില്‍ അടിയന്തരമായി ജനറേറ്ററുകള്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിക്കഴിഞ്ഞു.
അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളുപേക്ഷിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കൂട്ടം കൂടുന്നത് കോവിഡ് വ്യാപനം വര്‍ധിപ്പിക്കുമെന്ന് ആശങ്കയും നിലനില്‍ക്കുന്നു. വാക്‌സിന്‍ വിതരണവും താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.
ടെക്‌സാസ് കൂടാതെ ലൂസിയാന, കെന്റക്കി, മിസ്സോറി എന്നീ സംസ്ഥാനങ്ങളിലും കനത്ത മഞ്ഞു വീഴ്ച തുടരുകയാണ്. നാലിഞ്ചിന് മേല്‍ കനത്തിലാണ് ടെക്‌സാസില്‍ മഞ്ഞുവീഴ്ച. മിസ്സിസിപ്പി, വര്‍ജീനിയ എന്നിവടങ്ങളിലും കാലാവസ്ഥ കൂടുതല്‍ മോശമാകുമെന്ന് മുന്നറിയിപ്പുണ്ട്. മിതമായ ശൈത്യകാലം അനുഭവപ്പെടുന്ന സംസ്ഥാനങ്ങളില്‍ അപ്രതീക്ഷിതമായെത്തിയ അതിശൈത്യം അതിജീവിക്കാനുള്ള ശ്രമത്തിലാണ് അധികൃതരും ജനങ്ങളും.
Content Highlights: No Electricity No Water As Texas Shivers With More Dark Days Ahead
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..