ന്യൂഡല്‍ഹി: കോവിഷീല്‍ഡ്-സ്പുട്‌നിക് വി കമ്പനികളുടെ മിശ്രിത വാക്‌സിന്‍ പരീക്ഷണം വിജയം. വാക്സിനുകള്‍ ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ലെന്നാണ് പഠനറിപ്പോര്‍ട്ട്. റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് വി, ആസ്ട്രാസെനേക്കയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ എന്നിവ നല്‍കി നടത്തിയ പരീക്ഷത്തെതുടര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതിയും ഈ പഠന റിപ്പോര്‍ട്ട് അംഗീകരിച്ചു.

അസര്‍ബൈജാനില്‍ 50 ആളുകളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വൈറസിന്റെ കൂടുതല്‍ വകഭേദങ്ങള്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ മിശ്രിത വാക്സിനേഷന്‍ പോലുള്ള പദ്ധതികള്‍ കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പ്രധാനമാണെന്നാണ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പ്രതികരിച്ചത്. വാക്‌സിനുകളുടെ മിശ്രിതം ഉപയോഗിക്കുന്നതുകൊണ്ട് പ്രതിരോധ ശേഷി കുറയില്ലെന്നും കൂടുകയാണ് ചെയ്യുകയെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

ലോകത്ത് പല രാജ്യങ്ങളും മിശ്രിത വാക്‌സിനേഷന്‍ പരീക്ഷണങ്ങള്‍ നേരത്തേതതന്നെ ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ കഴിഞ്ഞ ദിവസമാണ് വെല്ലൂരിലെ മെഡിക്കല്‍ കോളേജിന് കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയുടെ മിശ്രിതം പരീക്ഷിക്കുന്നതിന് അനുമതി നല്‍കിയത്. 

ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നുള്ള സ്പുട്‌നിക് വി വാക്‌സിന്‍ നിര്‍മാണം സെപ്റ്റംബര്‍ മുതലാണ് ആരംഭിക്കുക. 30 കോടി ഡോസ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് ഇരു കൂട്ടരും ലക്ഷ്യമിടുന്നത്. റഷ്യയില്‍ നിന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് സാമ്പിളുകള്‍ ലഭിച്ചുകഴിഞ്ഞു. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതോടെ പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്.

Content Highlights: no adverse effects in combining vaccines claims study reports