ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുളള ഉത്തരവില്‍ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഒപ്പുവെച്ചു. എന്നാല്‍ ഇതിനെതിരേ നീരവ് മോദിക്ക് 28 ദിവസത്തിനുളളില്‍ യുകെ ഹൈക്കോടതിയെ സമീപിക്കാം. കോടതിയെ സമീപിക്കുകയാണെങ്കില്‍ നടപടിക്രമം വീണ്ടും മാസങ്ങളോ, വര്‍ഷങ്ങളോ നീണ്ടേക്കാം. 

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ നേരത്തേ യുകെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനുളള നടപടിക്രമങ്ങളാണ് യുകെ സര്‍ക്കാര്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.  ഇന്ത്യയിലെ മോശമായ ജയില്‍ സാഹചര്യങ്ങളും കോവിഡ് മഹാമാരി തന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നുമുളള നീരവ് മോദിയുടെ വാദങ്ങളെല്ലാം തളളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. 

രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിലായിരുന്നു വിവാദ വജ്രവ്യാപാരിയെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടത്. 

Content Highlights:Nirav Modi's Extradition To India Cleared By UK Government