ഒട്ടാവ: മൂന്ന് വെള്ളച്ചാട്ടങ്ങളുടെ സംഗമമായ നയാഗ്ര ശനിയാഴ്ച ഇന്ത്യന്‍ പതാകയുടെ നിറങ്ങളാല്‍ ദീപാലംകൃതമായി. കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് നയാഗ്രയില്‍ ത്രിവര്‍ണം തെളിഞ്ഞത്. 

ഇന്തോ-കാനഡ ആര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ആഘോഷപരിപാടിയില്‍ ടൊറന്റോയിലെ ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവ പതാകയുയര്‍ത്തി. നയാഗ്ര ഫോള്‍സ് ഇല്യൂമിനേഷന്‍ ബോര്‍ഡും നയാഗ്ര പാര്‍ക്ക് കമ്മിഷനും സിറ്റി ഓഫ് നയാഗ്ര ഫോള്‍സും സംയുക്തമായാണ് വെള്ളച്ചാട്ടത്തില്‍ ത്രിവര്‍ണക്കാഴ്ച ഒരുക്കിയത്. 

ടൊറന്റോ സിറ്റി ഹാളിലും പതാകയുയര്‍ത്തല്‍ നടന്നു. ടൊറന്റോ സൈനിലും ഓറഞ്ച്, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകള്‍ തെളിഞ്ഞു. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ സമൂഹത്തിന് ആശംസ നേര്‍ന്നു. കാനഡയും ഇന്ത്യയും തമ്മില്‍ ശക്തവും ദീര്‍ഘവും ഊര്‍ജസ്വലതയുള്ളതുമായ ബന്ധമാണുള്ളതെന്ന് ട്രൂഡോ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കാനഡയുടെ വികസനത്തില്‍ ഇന്ത്യന്‍ സംസ്‌കാരം മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു. 

ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലും ടൊറന്റോയിലേയും വാന്‍കൂവറിലേയും കോണ്‍സുലേറ്റുകളിലും ഇന്ത്യന്‍ പതാകയുയര്‍ത്തി. ഇന്ത്യന്‍ സമൂഹം ആഘോഷത്തിന്റെ ഭാഗമായി കാര്‍ റാലി സംഘടിപ്പിച്ചു. എല്ലാ വര്‍ഷവും നടത്താറുള്ള പരേഡ് കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇക്കൊല്ലം ഡിജിറ്റലായി. 

 

 

Content Highlights: Niagara Falls illuminated in colours of Indian flag on Independence Day