വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് നിരവധിപേരെ കാണാതായി. ന്യൂസിലന്‍ഡിലെ വൈറ്റ് ഐലന്‍ഡില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശികസമയം 2.15 ഓടെയായിരുന്നു അപകടം. ഏകദേശം നൂറോളം വിനോദസഞ്ചാരികള്‍ സംഭവസമയത്ത് വൈറ്റ് ഐലന്‍ഡ് ദ്വീപിലുണ്ടായിരുന്നതായും അവരില്‍ ചിലരെ കാണാതായിട്ടുണ്ടെന്നും പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ അറിയിച്ചു.

എത്രപേരെ കാണാതായിട്ടുണ്ടെന്ന് കൃത്യമായ കണക്കില്ലെന്നും അപകടത്തില്‍ പരിക്കേറ്റവരെ തീരത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. 

നോര്‍ത്ത് ഐലന്‍ഡിലെ തൗറാംഗ ടൗണിന്റെ വടക്കുകിഴക്ക് ഭാഗത്തായാണ് അപകടമുണ്ടായ വൈറ്റ് ഐലന്‍ഡ് സ്ഥിതിചെയ്യുന്നത്. അഗ്നിപര്‍വത സ്‌ഫോടനമുണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടങ്ങളിലേക്ക് പോകരുതെന്ന് പോലീസ് അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു.

രാജ്യത്തെ ശാസ്ത്രജ്ഞരും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് വിനോദസഞ്ചാരികള്‍ വൈറ്റ് ഐലന്‍ഡ് സന്ദര്‍ശിച്ചിരുന്നത്.  

Content Highlights: new zealand volcano eruption, many tourists are missing