വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ രാജിവെച്ചു. പ്രധാനമന്ത്രി സ്ഥാനത്ത് എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ജോണ്‍ കീ, പത്രസമ്മേളനത്തില്‍ അപ്രതീക്ഷിതമായാണ് തന്റെ രാജി തീരുമാനം പ്രഖ്യാപിച്ചത്. കുടുംബത്തിനു വേണ്ടി രാജിവെക്കുന്നെന്നാണ് ജോണ്‍ കീ പത്രസമ്മേളനത്തില്‍ അറിയിച്ചത്.

ഡിസംബര്‍ 12 വരെ മാത്രമായിരിക്കും താന്‍ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് തവണ തുടര്‍ച്ചയായി പ്രധാനമന്ത്രിയായ ജോണ്‍ കീ 2014 സപ്തംബറിലാണ് അവസാനമായി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2017ല്‍ നടക്കുന്ന അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും അദ്ദേഹം പ്രഖ്യപിച്ചിട്ടുണ്ട്. 

പ്രധാനമന്ത്രി ചുമതല വഹിക്കുമ്പോള്‍ തനിക്ക് പലതും ത്യജിക്കേണ്ടിവന്നതായും പ്രിയപ്പെട്ടവരെ പിരിയേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും വേണ്ടിയാണ് രാജി തീരുമാനമെന്നും കീ കൂട്ടിച്ചേര്‍ത്തു. ലേബര്‍ പാര്‍ട്ടിയുടെ ഒമ്പത് വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് 2008ലാണ് ജോണ്‍ കീ അധികാരത്തിലെത്തിയത്.