ന്യൂയോര്‍ക്ക്:  യു.എസില്‍ ന്യൂയോര്‍ക്കിനു സമീപമുള്ള ഹാര്‍ട് ദ്വീപിലെടുത്ത വലിയ കുഴിയിലേക്കു മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്ന ചിത്രമാണ് നിങ്ങള്‍ ഈ കാണുന്നത്. അമേരിക്കയില്‍ കൊറോണ എത്രത്തോളം ഭീതിജനകമായി പടരുന്നുവെന്നതിന്റെയും മനുഷ്യന്റെ നിസഹായതയുടെയും പ്രതീകമാണ് ഈ ചിത്രം. ന്യൂയോര്‍ക്കിലെ അനാഥവും തിരിച്ചറിയാന്‍ കഴിയാത്തതുമായ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്ന സ്ഥലമാണ് ഈ ദ്വീപ്. ആഴ്ചയില്‍ വിരലില്‍ എണ്ണവുന്ന മൃതദേഹങ്ങള്‍ മാത്രം അടക്കം ചെയ്തിരുന്ന ഇവിടെ ഇപ്പോള്‍ ദിനംപ്രതി കുറഞ്ഞത് 25 മൃതദേഹങ്ങളെങ്കിലും അടക്കം ചെയ്യുന്നുണ്ട്. 

അമേരിക്കയില്‍ ഇപ്പോള്‍ അഞ്ചു ലക്ഷത്തിലധികം രോഗികളാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളതും മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ന്യൂയോര്‍ക്കിലാണ്. ന്യൂയോര്‍ക്കില്‍ 1.61 ലക്ഷം കൊറോണ രോഗികളാണ് ഉള്ളത്. ലോകത്ത് ഏത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാളും കൂടുതല്‍ കൊറോണ രോഗികള്‍ ഉള്ളത് ന്യൂയോര്‍ക്കിലാണ് ഉള്ളത്. 4,400 പേരാണ് ഇവിടെ മരിച്ചത്.

ദിവസവും നിരവധി ആളുകള്‍ മരിക്കുന്നതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ശ്മശാനങ്ങളില്‍ ഇടമില്ലാതായതിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്കിനു സമീപമുള്ള ഹാര്‍ട് ദ്വീപിലേക്ക് മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നത്.

ഇതിന്റ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയായിരുന്നു. ഇത് പിന്നീട് അമേരിക്കന്‍ പത്രങ്ങളുടെയും പ്രധാന വാര്‍ത്തകളിലൊന്നായി. വെളുത്ത നിറത്തിലുള്ള സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച് നില്‍ക്കുന്നവര്‍ വലിയ കിടങ്ങിലേക്ക് മൃതദേഹങ്ങള്‍ അടക്കം ചെയ്ത ശവപ്പെട്ടികള്‍ അടുക്കി വെച്ച് മണ്ണിട്ട് മുടുന്നതിന്റെ ഡ്രോണ്‍ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളാണ് ലോകത്തെ ഞെട്ടിപ്പിച്ചത്.

അനാഥ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന സ്ഥലത്ത് കൊറോണ ബാധിച്ച് മരിച്ചവരെ കൂട്ടത്തോടെ അടക്കം ചെയ്തത് ജനങ്ങളില്‍ വലിയ ഞെട്ടലും അമര്‍ഷവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹാര്‍ട് ദ്വീപിലല്ല, ട്രംപിന്റെ ഗോള്‍ഫ് മൈതാനത്താണ് മൃതദേഹങ്ങള്‍ അടക്കേണ്ടതെന്ന് പ്രതിഷേധിക്കുവരും കുറവല്ല.

ഒരു നൂറ്റാണ്ടോളമായി ദരിദ്രരുടെയും വീടില്ലാത്തവരുടെയും തിരിച്ചറിയപ്പെടാത്തവരുടെയും മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന സ്ഥലമാണ് ഹാര്‍ട് ദ്വീപ്. ഇക്കാലയളവില്‍ ലക്ഷക്കണക്കിന് മൃതദേഹങ്ങളാണ് ഇവിടെ അടക്കം ചെയ്തിട്ടുള്ളത്. 

ശീതയുദ്ധകാലത്ത് ഇതിനെ അമേരിക്ക മിസൈല്‍ ബേസാക്കി മാറ്റിയിരുന്നു. അതിനും മുമ്പ് ജയിലായും പിന്നീട് ക്ഷയരോഗികള്‍ക്കുള്ള ചികിത്സാകേന്ദ്രമായും ഇവിടം ഉപയോഗിച്ചു. കുട്ടിക്കുറ്റവാളികളെ പാര്‍പ്പിച്ചിരുന്ന ദുര്‍ഗുണ പരിഹാര പാഠശാലയായും ഒരിക്കല്‍ ഇവിടം ഉപയോഗിച്ചിരുന്നതായാണ് രേഖകള്‍. മനോരോഗാശുപത്രി, ലഹരി വിമുക്ത കേന്ദ്രം തുടങ്ങിയവയ്ക്കായും ഇവിടം ഉപയോഗിച്ചിട്ടുണ്ട്.

#TrumpBurialPits എന്ന പേരില്‍ ട്വിറ്ററിലൂടെ ജനം കടുത്ത രീതിയില്‍ ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. ആര്‍ലിംഗ്ണ്‍ നാഷണല്‍ സെമിത്തേരി എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ പ്രദേശത്തിന്റെ ആദ്യകാല ഉടമ ജനറല്‍ റോബര്‍ട്ട് ഇ. ലീ ആയിരുന്നു. അമേരിക്കന്‍ അഭ്യന്തര യുദ്ധകാലത്ത് സൈനിക ആസ്പത്രിയായി മാറിയ പ്രദേശം പിന്നെ ഇവിടെ മരിക്കുന്നവരെ അടക്കം ചെയ്യാനുള്ള സെമിത്തേരിയായി മാറുകയായിരുന്നു. 

കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരെ ഇവിടെ കൂട്ടത്തോടെ മറവു ചെയ്യുന്നതിലൂടെ മരിക്കുന്നരുടെ കുടുംബങ്ങളെയും അപമാനിക്കുന്നുവെന്നാണ് ആരോപണം. വാര്‍ഷിക ചടങ്ങുകള്‍ക്കും മറ്റും കുടുംബാംഗങ്ങള്‍ക്കുള്ള കടമ നിറവേറ്റാനാവില്ലെന്നതും മറ്റൊരു കാരണമാണ്. ഈ പറയുന്നത് നൂറു ശതമാനവും ശരിയല്ലെന്നതാണ് വാസ്തവം. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആരോരുമില്ലാത്തവരെയാണ് ഇവിടെ അടക്കിയിരുന്നത്. ദുരന്തകാലത്ത് ഇതു സര്‍വ്വസാധാരണമായിരുന്നു എന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

മരണം ഏഴായിരം കടന്നു, കൂട്ടക്കുഴിമാടം ഒരുക്കി ന്യൂയോര്‍ക്ക്‌

Content Highlights: New York Hart Island, become a massive Burial land for Corona Death