വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ രാജി വെക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കന്‍ ഭരണകൂടത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരികളിലൊരാളായ ക്യൂമോയ്‌ക്കെതിരെ ലൈംഗികോരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. സര്‍ക്കാര്‍ ജീവനക്കാരും മുന്‍ ജീവനക്കാരുമുള്‍പ്പെടെ പത്തിലധികം വനിതകളെ ക്യൂമോ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

കോവിഡ് നിയന്ത്രണനടപടികളിലൂടെ ഏറെ ശ്രദ്ധ നേടിയ ക്യൂമോ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിക്കുകയും രാജിയാവശ്യവുമായി ബന്ധപ്പെട്ടുള്ള ഫോണ്‍ കോളുകള്‍ നിരസിക്കുകയും ചെയ്തു. എന്നാല്‍ രാജി വെക്കണമെന്ന് ചൊവ്വാഴ്ച പ്രസിഡന്റ്  ബൈഡനും വൈറ്റ് ഹൗസ് വക്താവ് നാന്‍സി പെലോസിയും ശക്തമായി ആവശ്യപ്പെട്ടതോടെ ക്യൂമോ പ്രതിരോധത്തിലായിരിക്കുകയാണ്. ക്യൂമോക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

പതിനൊന്ന് വനിതാ ഉദ്യോഗസ്ഥര്‍ ക്യൂമോക്കെതിരെ ഉയര്‍ത്തിയ ലൈംഗികാരോപണത്തില്‍ വിശദമായ റിപ്പോര്‍ട്ടാണ് ലഭിച്ചിട്ടുള്ളതെന്ന് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജയിംസ് അറിയിച്ചു. സിവില്‍ രീതിയിലുള്ള അന്വേഷണമായതിനാല്‍ ഗവര്‍ണര്‍ക്ക് ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമോയെന്ന കാര്യം വ്യക്തമല്ലെന്നും ലെറ്റിഷ്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിഷയത്തില്‍ ജില്ലാ അറ്റോര്‍ണി ഓഫീസ് അന്വേഷണം ആരംഭിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അനാവശ്യമായി ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുക, ലൈംഗികച്ചുവയോടെ സംസാരിക്കുക എന്നിവയിലൂടെ ക്യൂമോ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യൂമോക്കെതിരെ നേരത്തെ രംഗത്ത് വന്ന ഒരു ഉദ്യോഗസ്ഥക്കെതിരെ നടപടിയുണ്ടായതായും ലെറ്റിഷ്യ ജയിംസ് പറഞ്ഞു. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ക്യൂമോ നിഷേധിച്ചു. 

പൊതു സമൂഹത്തിന്റെ നിരീക്ഷണത്തിലാണ് താനെല്ലായ്‌പോഴും ജീവിച്ചതെന്നും അറുപത്തിമൂന്നുകാരനായ തനിക്ക്  ആരോപണങ്ങളില്‍ ചെന്നു വീഴേണ്ട കാര്യമില്ലെന്നും താനൊരിക്കലും ഒരു സ്ത്രീയേയും അത്തരത്തില്‍ സമീപിച്ചിട്ടില്ലെന്നുമാണ് ക്യൂമോയുടെ പ്രതികരണം. ഇക്കാര്യങ്ങള്‍ക്കൊന്നും തന്നെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് തന്നെ അകറ്റില്ലെന്നും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും ക്യൂമോ പ്രതികരിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങളും മറുപടിയും വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ച ക്യൂമോ ജനങ്ങള്‍ തന്നെ യാഥാര്‍ഥ്യം തിരിച്ചറിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

 

Content Highlights: New York Governor Should Resign Says Joe Biden After Harassment Report