ബോറിസ് ജോൺസൺ | Photo: AFP
ലണ്ടന്‍ : യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമായേക്കാമെന്നതിന് പ്രാഥമികമായി തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്നതിനു പുറമേ, വകഭേദം വന്ന വൈറസിന് ഉയര്‍ന്ന തോതിലുള്ള മരണ നിരക്കുമായി ബന്ധമുണ്ടെന്നും ഇതിന് തെളിവുകളുണ്ടെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ മരണസംഖ്യയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വകഭേദം വന്ന കൊറോണ വൈറസ് ചില പ്രായക്കാര്‍ക്ക് 30 മുതല്‍ 40 ശതമാനം വരെ മാരകമായേക്കാമെന്ന് ശാസ്ത്രജ്ഞനായ പാട്രിക് വാലന്‍സ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടനിലെ കോവിഡ് സ്ഥിതി മോശമാകുന്നതില്‍ വകഭേദം വന്ന വൈറസിനെ കുറ്റപ്പെടുത്തുകയാണ് ബോറിസ് ജോണ്‍സണ്‍. വെള്ളിയാഴ്ച 1401 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 95,981 ആയി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് മരണങ്ങള്‍ 16 ശതമാനമാണ് ഉയര്‍ന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കോവിഡ് ഏറ്റവും മോശമായി ബാധിച്ച ഏപ്രില്‍ മാസത്തേക്കാള്‍ ഇരട്ടിയിലധികവുമാണ്.
സെപ്റ്റംബറില്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലാണ് കൊറോണ വൈറസിന്റെ വകഭേദം ആദ്യമായി കണ്ടെത്തിയത്. ചൈനയടക്കം 60ല്‍ അധികം രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights: New UK variant of Covid may be more deadly: Boris Johnson
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..