പ്രതീകാത്മക ചിത്രം | Photo: AP
സിയോള്‍: അരമണിക്കൂറിനുളളില്‍ കോവിഡ് 19 പരിശോധനാഫലം ലഭിക്കുന്ന പുതിയ രോഗനിര്‍ണയ രീതി വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞര്‍. പിസിആര്‍ ടെസ്റ്റുപോലെ കൃത്യമായ ഫലം ഉറപ്പുനല്‍കുന്ന എസ്.ഇ.എന്‍.എസ്.ആര്‍. ടെക്‌നോളജി വികസിപ്പിച്ചെടുത്തത് ദക്ഷിണ കൊറിയയിലെ പോഹങ് ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകരാണ്
കോവിഡ് 19 അല്ലാതെ മറ്റൊരു മഹാമാരി പൊട്ടിപ്പുറപ്പെട്ടാലും രോഗനിര്‍ണയ കിറ്റ് ഒരാഴ്ചയ്ക്കുളളില്‍ വികസിപ്പിച്ചെടുക്കാനാവുമെന്നുളളതാണ് സങ്കേതികതയുടെ ഏറ്റവും വലിയ നേട്ടമെന്ന് നാച്വര്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗബാധിതരുമായുളള സമ്പര്‍ക്കം പരമാവധി ഒഴിവാക്കാനും ഇത് സഹായിക്കും.
പിസിആര്‍ ടെസ്റ്റില്‍ വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സങ്കീര്‍ണമായ പ്രക്രിയ ആവശ്യമാണ്. തന്നെയുമല്ല വിലകൂടിയ ഉപകരണങ്ങളും പരിശോധനയ്ക്കായി വിദഗ്ധരുടെ ആവശ്യവുമുണ്ട്.
ന്യൂക്ലിക് ആസിജ് ബൈന്‍ഡിങ് റിയാക്ഷനിലൂടെ രോഗനിര്‍ണം നടത്തുന്നതാണ് എസ്.ഇ.എന്‍.എസ്.ആര്‍. ടെക്‌നോളജി. വളരെ കുറഞ്ഞ സമയത്തിനുളളില്‍ തന്നെ സങ്കീര്‍ണമായ പ്രക്രിയകളില്ലാതെ ഫലം അറിയാന്‍ സാധിക്കും.
പുതിയ സാങ്കേതികത ഉപയോഗിച്ച് അരമണിക്കൂറിനുള്ളില്‍ ഒരു രോഗിയുടെ സാമ്പളില്‍ നിന്ന് ഗവേഷകര്‍ സാര്‍സ് കോവ്-2 വൈറസ് ആര്‍എന്‍എ കണ്ടെത്തിയിരുന്നു. കോവിഡിന് പുറമേ അഞ്ച് രോഗകാരിയായ വൈറസുകളും ബാക്ടീരിയല്‍ ആര്‍എന്‍എകളും ഇത് കണ്ടുപിടിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നു. ഇത് കോവിഡിന് പുറമേയുളള രോഗാണുക്കളെ കണ്ടെത്തുന്നതിനുളള കിറ്റിന്റെ കാര്യക്ഷമതയേയാണ് സൂചിപ്പിക്കുന്നതെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
രോഗനിര്‍ണയ കിറ്റ് ഉല്പാദിപ്പിക്കുന്നതിനുളള എളുപ്പവും ഇത് കൊണ്ടുനടക്കാനും ഉപയോഗിക്കാനുമുളള സൗകര്യവും എളുപ്പവുമാണ് മറ്റൊരു ഗുണമേന്മയായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
Content Highlights:New testing method can diagnose COVID-19 in just 30 minutes, study finds
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..