ബോസ്റ്റണ്‍: കൊറോണ വൈറസ് ബാധയുടെ ആദ്യ ഘട്ടത്തില്‍ ശരീരം ഉണ്ടാക്കുന്ന പ്രതികരണങ്ങളില്‍നിന്നുതന്നെ രോഗിയില്‍ കോവിഡ് എത്രത്തോളം ഗുരുതരമായി മാറും എന്ന് പ്രവചിക്കാനാകുമെന്ന് പഠനം.

വൈറസ് മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന ഘട്ടത്തില്‍ത്തന്നെ ശരീരം ഉണ്ടാക്കുന്ന പ്രതികരണങ്ങളില്‍നിന്ന് രോഗം എത്രത്തോളം തീവ്രമാകുമെന്ന നിഗമനത്തില്‍ എത്താന്‍ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. വൈറസ് ബാധയുടെ തുടക്കത്തില്‍ കൊടുക്കുന്ന മരുന്നുകള്‍ രോഗം ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിനെ തടയുന്നത് എപ്രകാരമാണെന്ന പഠനത്തിനിടയിലാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

കോവിഡ് രോഗം പുതുതായി സ്ഥിരീകരിച്ചവരുടെയും നേരിയ ലക്ഷണങ്ങള്‍ ഉള്ളവരുടെയും രോഗം മൂര്‍ച്ഛിച്ച് കൃത്രിമ ശ്വാസത്തെ ആശ്രയിക്കേണ്ടി വന്നവരുടെയും മൂക്കില്‍നിന്നെടുത്ത സാംപിളുകള്‍ ഉപയോഗിച്ചായിരുന്നു ഗവേഷകരുടെ പഠനം. തുടര്‍ന്ന് ഇവരില്‍ ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയും രോഗം ഗുരുതരമായി കൃത്രിമ ശ്വാസം നല്‍കേണ്ടിവന്നരെയും താരതമ്യം ചെയ്താണ് പുതിയ നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയത്.

രോഗബാധയുടെ സ്വഭാവം മനസിലാക്കി ചികിത്സ ക്രമീകരിച്ചാല്‍ രോഗത്തിന്റെ തീവ്രത കുറയ്ക്കാനായേക്കുമെന്നാണ് പഠനം പറയുന്നത്. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണ് പുതിയ പഠനം നടത്തിയത്.  'സെല്‍' ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

Content Highlights: New research shows that early antiviral response in nose may determine severity of COVID-19