കാഠ്മണ്ഡു: കൊറോണ വൈറസ്  വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ എവറസ്റ്റ് കൊടുമുടിയിലേക്കുള്ള പ്രവേശനം നേപ്പാള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എവറസ്റ്റിലേക്കുള്ള യാത്രാനുമതി ചൈന നിര്‍ത്തി വെച്ചതിന് തൊട്ടുപിന്നാലെയാണ് നേപ്പാള്‍ ഈ നടപടി സ്വീകരിച്ചത്. എവറസ്റ്റ് കൂടാതെ വിവിധ ഹിമാലയന്‍ പര്‍വതനിരകളിലേക്കുള്ള പ്രവേശനാനുമതി നിര്‍ത്തിവെച്ചതിനൊപ്പം ടൂറിസ്റ്റ് വിസ നല്‍കുന്നതും നേപ്പാള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചതായി ടൂറിസം മന്ത്രി യോഗേഷ് ഭട്ടറായ് അറിയിച്ചു. 

വസന്തകാല പര്യവേക്ഷണം നിര്‍ത്തിവെക്കാനും നിലവില്‍ നല്‍കിയിട്ടുള്ള അനുമതി പിന്‍വലിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ആഗോളതലത്തില്‍ സാഹചര്യവിശകലനം നടത്തിയ ശേഷം ഏപ്രില്‍ മാസത്തില്‍ ഉത്തരവ് പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എവറസ്റ്റിലേക്കുള്ള പ്രവേശനത്തിനുള്ള അനുമതി പത്രം നല്‍കുന്നതിലൂടെ നേപ്പാളിന് ലക്ഷക്കണക്കിന് ഡോളറാണ് വരുമാനം ലഭിക്കുന്നത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് പര്‍വതാരോഹകര്‍ വസന്തകാലപര്യവേക്ഷണത്തിനായി നേപ്പാളിലെത്താറുണ്ട്. ഏപ്രില്‍-മെയ് മാസക്കാലയളവില്‍ മികച്ച കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. അതു കൊണ്ട് തന്നെ നേപ്പാളിന്റെ പ്രധാന വരുമാനം ടൂറിസം മേഖലയില്‍ നിന്നാണ്. എന്നാല്‍ കൊറോണവൈറസിന്റെ ആഗോളവ്യാപനം മറ്റിടങ്ങളെ പോലെ നേപ്പാളിന്റെ സമ്പദ് വ്യവസ്ഥയേയും രൂക്ഷമായി ബാധിക്കാനിടയുണ്ട്. 

 

Content Highlights: Nepal Stops All Mount Everest Expeditions Due To Coronavirus