നേപ്പാൾ വിമാനപകടം |Photo:twitter.com/AvionThrust
കാഠ്മണ്ഡു: ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച തികയുന്ന വേളയിലാണ് നേപ്പാളിലെ പൊഖാറ വിമാനത്താവള പരിസരം ദുരന്തഭൂമിയാകുന്നത്. ചൈനയുടെ സഹകരണത്തോടെ നിര്‍മിച്ച വിമാനത്താവളത്തിന്റെ ഉദ്ഘാടനം ജനുവരി ഒന്നിനായിരുന്നു. പണി പൂര്‍ത്തിയാകുന്നതിന് മുന്നെയാണ് വിമാനത്താവളം തുറന്നുകൊടുത്തതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.
ചൈനയുടെ ബെല്‍ട്ട് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി സി.എ.എം.സി. എന്ജിനീയറിങ്ങിനായിരുന്നു വിമാനത്താവളത്തിന്റെ നിര്‍മാണച്ചുമതല. കഴിഞ്ഞ ഏപ്രിലില്‍ വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയായതായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി നേപ്പാളിനെ അറിയിച്ചു. തുടര്‍ന്ന് ജനുവരി ഒന്നിന് പ്രധാനമന്ത്രി പുഷ്പ കമാല്‍ ദാഹല്‍ വിമാനത്താവളം തുറന്നുനല്‍കി. വിമാനത്താവളത്തിന്റെ നിര്‍മാണത്തിനായി ചൈന ഉപയോഗിച്ച സാധന സാമഗ്രികളെന്തെല്ലാമാണെന്ന് പരിശോധിക്കുമെന്ന് നേപ്പാളിലെ ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
2014-ലാണ് വിമാനത്താവളത്തിന്റെ നിര്‍മാണക്കരാര്‍ ചൈനീസ് കമ്പനിക്ക് നല്‍കുന്നത്. 2017-ല്‍ ജൂലായില്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. 1400 കോടിയോളം രൂപ ചെലവിലാണ് വിമാനത്താവളം നിര്‍മിച്ചത്. വിമാനത്താവളത്തിന്റെ നിര്‍മാണത്തിനു പിന്നാലെ രാജ്യത്തെ റെയില്‍വേ നിര്‍മാണത്തിനും മറ്റു പദ്ധതി പ്രവൃത്തികള്‍ക്കും നേപ്പാള്‍ പ്രധാനമന്ത്രി ചൈനയുടെ സഹകരണം തേടിയിരുന്നു.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് 68 യാത്രക്കാരും നാലു ജീവനക്കാരുമായി പറന്ന യെതി എയര്‍ലൈന്‍സ് തകര്‍ന്നുവീണത്. അപകടത്തില്‍ 68 പേര് മരിച്ചു. കാഠ്മണ്ഡുവില്‍നിന്ന് പുറപ്പെട്ട വിമാനം പൊഖാറയില്‍ ലാന്‍ഡ് ചെയ്യാനിരിക്കേയാണ് അപകടം. ദുഃഖാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച നേപ്പാളില്‍ പൊതു അവധി പ്രഖ്യാപിച്ചു.
Content Highlights: nepal plane crash, pokhara airport built by chinese firm
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..