Image Courtesy: Video shared by https://twitter.com/GAJRAJPARIHAR
കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുന്‍പും അതിനു ശേഷവുമുള്ള മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വിമാനത്തിലെ ഇന്ത്യക്കാരനായ യാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍നിന്നുള്ളതാണ് ദൃശ്യങ്ങള്‍. അദ്ദേഹം ഫെയ്സ്ബുക്കില്‍ ലൈവ് ചെയ്യുന്നതിനിടെ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ഈ ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിക്കാനായിട്ടില്ല.
വിമാനത്തിന്റെ ഉള്ളില്‍നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയുടെ ആദ്യഭാഗത്തുള്ളത്. തുടര്‍ന്ന് വിമാനത്തിന്റെ വിന്‍ഡോയിലൂടെയുള്ള കാഴ്ചകളും കാണാം. പിന്നീട് വിമാനം ആടിയുലയുന്നതും യാത്രക്കാർ നിലവിളിക്കുന്നതും കാണാം. ഈ സമയത്താകാം വിമാനം താഴേക്ക് വീണതെന്നാണ് കരുതുന്നത്. പിന്നീട് കാണാനാകുന്നത് തീനാളങ്ങളാണ്. ആളുകളുടെ ഭയചകിതമായ ശബ്ദങ്ങളും കേള്‍ക്കാം.
ഉത്തര്‍ പ്രദേശിലെ ഗാസിപുര്‍ സ്വദേശികളായ അഞ്ചുപേരാണ് വിമാനത്തിനുള്ളിലുണ്ടായിരുന്ന ഇന്ത്യക്കാർ. ഇതില്‍ സോനു ജെയ്സ്വാള്‍ എന്നയാളാണ് തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് വിമാനത്തിനുള്ളില്‍നിന്ന് ഫെയ്സ്ബുക്ക് ലൈവ് ചെയ്തതെന്നാണ് വിവരം. ദുരന്തത്തില്‍ സോനുവിനും ജീവന് നഷ്ടമായി. ഇതേ വീഡിയോ സോനുവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലുമുണ്ട്.
ഈ വീഡിയോ അപകടത്തിന് തൊട്ടുമുന്പത്തേതാണെന്നും യഥാര്‍ഥമാണെന്നും നേപ്പാള്‍ മുന്‍ എം.പിയും നേപ്പാളി കോണ്‍ഗ്രസ് സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ അഭിഷേക് പ്രതാപ് ഷാ പറഞ്ഞതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. തനിക്ക് ഈ വീഡിയോ ലഭിച്ചത് ഒരു സുഹൃത്തില്‍നിന്നാണ്. ഒരു പോലീസുകാരനാണ് സുഹൃത്തിന് വീഡിയോ കൈമാറിയത്. ഇത് യഥാര്‍ഥ രേഖയാണ്. വിമാനം ലാന്‍ഡ് ചെയ്യാന്‍ പോകുമ്പോഴുള്ളതാണ് വീഡിയോ എന്നും അഭിഷേക് പ്രതാപ് ഷാ വ്യക്തമാക്കി.
മുന്നറിയിപ്പ്: ഈ ദൃശ്യങ്ങള്‍ കാഴ്ചക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കാന്‍ ഇടയുണ്ട്
Content Highlights: nepal plane crash last visuals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..