നേപ്പാളും സാമ്പത്തിക പ്രതിസന്ധിയിലേക്ക്; ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അവധി


നേപ്പാളിൽ നിന്നുള്ള ദൃശ്യം |ഫോട്ടോ:AP

കാഠ്മണ്ഡു: ശ്രീലങ്കയ്ക്കും പാകിസ്താനും പിന്നാലെ ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യമായ നേപ്പാളും സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. പ്രതിസന്ധി നേരിടുന്നതിന്‍റെ ഭാഗമായി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അവധി നല്‍കുന്നതും ഇറക്കുമതി നിയന്ത്രിക്കുന്നതും അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് സർക്കാർ.

രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ശേഖരം ഏഴുമാസംകൊണ്ട് 16 ശതമാനം കുറഞ്ഞു. ഇപ്പോഴുള്ളത് 1.17 ലക്ഷം കോടി നേപ്പാള്‍ രൂപ മാത്രം. ഇന്ധനമുള്‍പ്പെടെ ഏതാണ്ടെല്ലാ അവശ്യവസ്തുക്കളും ഇന്ത്യയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന നേപ്പാളിന് ഏഴുമാസത്തെ ചെലവിനുള്ള തുക മാത്രമാണിത്. രാജ്യത്തിന്റെ കടമാകട്ടെ മൊത്തവരുമാനത്തിന്റെ 43 ശതമാനത്തിലേറെയായി.

അവശ്യവസ്തുക്കളുടെ വില കുതിച്ചുകയറുകയാണ്. ഭക്ഷ്യവസ്തുക്കള്‍ക്ക് 20 ശതമാനത്തിലേറെ വില കൂടി. സര്‍ക്കാര്‍ ഇന്ധനവില നാലിരട്ടിയാക്കി. ഒരു ലിറ്റര്‍ പെട്രോളിന് 150 നേപ്പാള്‍ രൂപയും ഡീസലിനും മണ്ണെണ്ണയ്ക്കും 133 രൂപയുമാണ് വില. സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ നേപ്പാള്‍ രാഷ്ട്രബാങ്കിന്റെ ഗവര്‍ണര്‍ മഹാപ്രസാദ് അധികാരിയെ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പുറത്താക്കിയിരുന്നു.

ഇതിനിടെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പൊതുമേഖലാ ഓഫീസുകള്‍ക്ക് ഈ മാസം രണ്ട് അവധികള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് നേപ്പാള്‍ സര്‍ക്കാര്‍. നേപ്പാള്‍ കേന്ദ്ര ബാങ്കിന്റേയും നേപ്പാള്‍ ഓയില്‍ കോര്‍പ്പറേഷന്റേയും നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ രണ്ടു ദിവസം അവധി പരിഗണിക്കുന്നത്.

ഒരു മാസത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധം ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുകയറാന്‍ കാരണമായിട്ടുണ്ട്. ഒപ്പം, റഷ്യന്‍ എണ്ണയ്ക്കും ഇറാന്‍, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയ്ക്കുമുള്ള ഉപരോധവും നേപ്പാളിനെ ഇന്ധന പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വിനോദസഞ്ചാരവും പ്രവാസികള്‍ അയക്കുന്ന പണവുമാണ് പ്രധാന വരുമാനമാര്‍ഗങ്ങള്‍. എന്നാല്‍, കോവിഡ് ഇവ രണ്ടിനെയും ബാധിച്ചു. വരുമാനം കുറഞ്ഞതോടെ കൈയിലുള്ള വിദേശനാണ്യം ഇറക്കുമതിക്കായി ചെലവാക്കേണ്ട സ്ഥിതിയായി.

പ്രതിസന്ധിയെ നേരിടാന്‍, വിദേശത്ത് താമസിക്കുന്ന നേപ്പാള്‍ പൗരന്മാരോട് രാജ്യത്തെ ബാങ്കുകളില്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ നേപ്പാള്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. കുറഞ്ഞുവരുന്ന കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ വിലകൂടിയ കാറുകള്‍, സ്വര്‍ണം, മറ്റ് ആഡംബര വസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതിയിലും നേപ്പാള്‍ നിയന്ത്രണമേര്‍പ്പെടുത്തിട്ടുണ്ട്.

Content Highlights: Nepal considering two-day govt holiday to curtail fuel consumption-crisis

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented