യുണൈറ്റഡ് നേഷൻസ്: കോവിഡ്-19 ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി മൂലം ഇന്ത്യയിലെ 40 കോടി ജനങ്ങൾ ദാരിദ്ര്യാവസ്ഥയിലേക്ക് പോയേക്കാമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. അസംഘടിത മേഖലയിൽ ജോലി ചെയ്‌യുന്ന തൊഴിലാളികളാണ് അതിഭീകരമായ പ്രതിസന്ധി നേരിടുന്നത്.
കോവിഡ്-19 ആഗോള സമ്പദ് വ്യവസ്ഥയിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് ഇന്റർനാഷണൽ ലേബർ അസോസിയേഷൻ തയ്‌യാറാക്കിയ റിപ്പോർട്ടിലാണ് ലോകരാജ്യങ്ങൾക്കുള്ള മുന്നറിയിപ്പുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പ്രതിസന്ധി എന്നാണ് കോവിഡ് വ്യാപനത്തേയും അനന്തരഫലങ്ങളെയും റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നത്.
അഞ്ചിൽ നാല് എന്ന തോതിൽ ആളുകൾ ലോകത്താകമാനം തൊഴിൽ പ്രതിസന്ധി നേരിടുന്നു. വികസിത രാജ്യങ്ങളിലേയും വികസ്വര രാജ്യങ്ങളിലും ഈ പ്രശ്നം നിലനിൽക്കുന്നുണ്ട്. വളരെ കാര്യക്ഷമവും ദ്രുതഗതിയിലുമുള്ള നടപടികളിലൂടെ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാൻ ആഗോളസമ്പദ് വ്യവസ്ഥയ്‍ക്ക് സാധിക്കുകയുള്ളൂവെന്ന് യു.എൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ ആകെ ജോലിക്കാരുടെ 90 ശതമാനവും അസംഘടിത മേഖലയിലുള്ളവരാണ്. നിലവിലെ സാമ്പത്തി പ്രതിസന്ധി അതിരൂക്ഷമായി ബാധിക്കുന്നതും അസംഘടിത മേഖലയിൽ ജോലി ചെയ്‌യുന്ന 40 കോടി തൊഴിലാളികളെയാവും. ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവാനുള്ള സാധ്യത കൂടുതലാണ്.
ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ മാത്രം ആഗോളതലത്തിൽ ആകെ ജോലിസമയത്തിന്റെ 7 ശതമാനത്തോളമാണ് ഈ പ്രതിസന്ധിയിലൂടെ നഷ്ടമാവുന്നത്. അതായത് 195 മില്ല്യൺ തൊഴിലുകൾ താൽക്കാലികമായി നഷ്ടമായിരിക്കുന്നു.
കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാരുകൾ സ്വീകരിക്കുന്ന നടപടികൾ, നിലപാടുകൾ, സാമ്പത്തിക പോളിസികൾ, എന്നിവ വരുംകാലത്തേയും ബാധിക്കും. തൊഴിലാളികളേയും വ്യവസായ മേഖലയെയും അത് നേരിട്ട് ബാധിക്കും എന്നതിനാൽ ഭാവിയെക്കൂടി കരുതിക്കൊണ്ടുള്ളതായിരിക്കണം ഇപ്പോൾ കൈക്കൊള്ളുന്ന നടപടികൾ. അല്ലാത്തപക്ഷം നിലവിലെ പ്രതിസന്ധിയിലുണ്ടാവുന്ന പ്രശ്നങ്ങളെ മറികടക്കാനോ പരിമിതപ്പെടുത്താനോ രാഷ്ട്രങ്ങൾക്ക് സാധിക്കില്ല.
Content Highlights: Nearly 400 million workers in India may sink into poverty due to COVID-19 crisis UN report