ലാഹോര്‍: വീട്ടുതടങ്കലില്‍നിന്ന് മോചിതനായതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ വിദ്വേഷ പ്രസംഗവുമായി ജമാത്ത് ഉദ്ധവ ഭീകരന്‍ ഹാഫിസ് സയീദ്. ഇന്ത്യയുമായി സൗഹൃദം ഉണ്ടാക്കിയതിന്റെ പേരിലാണ് നവാസ് ഷെരീഫ് പാക് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായതെന്ന് ഭീകരവാദി നേതാവ് ആരോപിച്ചു. ഇന്ത്യയുമായി സമാധാന ശ്രമങ്ങള്‍ നടത്തിയ നവാസ് ഷെരീഫ് വഞ്ചകനാണെന്നും ഹാഫിസ് സയിദ് പറഞ്ഞു.

തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നതെന്ന് ഭീകരന്‍ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയത് എന്തിനാണെന്ന് നവാസ് ഷെരീഫ് ചോദിച്ചാല്‍ അത് ഇന്ത്യയുമായി സൗഹൃദം സ്ഥാപിച്ചതിന്റെ പേരിലാണെന്ന് താന്‍ അദ്ദേഹത്തിന് മറുപടി നല്‍കും- ഹാഫിസ് സയിദ് കൂട്ടിച്ചേര്‍ത്തു.

നവാസ് ഷെരീഫ് പാക് പ്രധാനമന്ത്രി ആയിരിക്കെ കഴിഞ്ഞ ജനുവരി മുതലാണ് ഹാഫിസ് സെയിദിനെ പാകിസ്താന്‍ വീട്ടുതടങ്കലിലിട്ടത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിനെ പാകിസ്താന്‍ വീട്ടുതടങ്കലില്‍ ആക്കിയതിനെ ഇന്ത്യ അഭിനന്ദിക്കുകയും ചെയ്തിരുന്നു.