ലാഹോര്‍: രാജ്യത്തിന്റെ വിധി മാറ്റിയെഴുതാന്‍ തന്റെയൊപ്പം നില്‍ക്കണമെന്ന് അനുയായികളോട് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ലണ്ടനില്‍നിന്ന് പാകിസ്താനിലേക്കുള്ള യാത്രയ്ക്കിടെ ഒപ്പമുള്ള മകള്‍ മറിയം ട്വീറ്റ് ചെയ്ത വീഡിയോയിലാണ് നവാസ് ഷെരീഫ് ഇക്കാര്യം അഭ്യര്‍ഥിച്ചത്.

രാജ്യം നിര്‍ണായക ദശാസന്ധിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നെക്കൊണ്ട് കഴിയുന്നത് ഞാന്‍ ചെയ്തു. പത്തുവര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ടകാര്യം എനിക്കറിയാം. പാകിസ്താനിലെത്തിയാല്‍ ജയിലിലേക്ക് പോകേണ്ടിവരുമെന്നും അറിയാം. എന്നാല്‍, താന്‍ പ്രവര്‍ത്തിച്ചത് പാകിസ്താനിലെ ജനങ്ങള്‍ക്കുവേണ്ടിയാണെന്ന് മനസിലാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. 

അഴിമതിക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ടതിന് പിന്നാലെയാണ്  നവാസ് ഷെരീഫും മകള്‍ മറിയവും പാകിസ്താനിലേക്ക് മടങ്ങിയത്. നവാസ് ഷെരീഫിന് പത്തുവര്‍ഷവും മകള്‍ മറിയത്തിന് എട്ടുവര്‍ഷവും തടവുശിക്ഷയാണ് വിധിച്ചിട്ടുള്ളത്. പാര്‍ട്ടിയെ തകര്‍ക്കാനും തന്നോട് പ്രതികാരം ചെയ്യാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് കേസെന്നാണ് നവാസ് ഷെരീഫ് ആരോപിക്കുന്നത്. തനിക്കെതിരെ ഒരു കേസുമില്ലെന്നും പാനമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു.

ശക്തമായ ജനാധിപത്യം സ്ഥാപിക്കാന്‍ താന്‍ ശ്രമിക്കുന്നതിനാലാണ് ഈ പ്രശ്‌നങ്ങളെല്ലാമെന്ന് ലണ്ടനില്‍നിന്ന് പാകിസ്താനിലേക്ക് തിരിക്കുംമുമ്പ് 'ദി നേഷന്‍' ദിനപത്രത്തോട്  അദ്ദേഹം പറഞ്ഞിരുന്നു. ലണ്ടനില്‍നിന്ന് അബുദാബിയിലെത്തിയ വിമാനം പാകിസ്താനിലേക്ക് തിരിക്കാന്‍ വൈകിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയുടെ അടുത്തുനിന്നാണ് നവാസ് ഷെരീഫും മറിയവും പാകിസ്താനിലേക്ക് മടങ്ങിവന്നത്.